വെള്ളറടയിൽ മന്ത്രവാദത്തിന്റെ പേരിൽ 23 -കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇമാം പിടിയിൽ

തിരുവനന്തപുരം: വെള്ളറടയിൽ മന്ത്രവാദത്തിന്റെ പേരിൽ 23 -കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇമാം പിടിയിൽ. വെള്ളറട തേക്കുപാറ ജുമാ മസ്ജിദിലെ മുൻ ഇമാം വിതുര സ്വദേശി സജീർ മൗലവി ആണ് വെള്ളറട പൊലീസിൻ്റെ പിടിയിലായത്. പൊലീസ് പറയുന്നത്. ഇയാൾ വെള്ളറട സ്വദേശിയുടെ കുടുംബവുമായി സൗഹൃദത്തിൽ ആവുകയും കുടുംബത്തിലെ 23 കാരി വിവാഹം കഴിഞ്ഞിട്ടു കുഞ്ഞുങ്ങൾ ഇല്ലാത്തത് സർപ്പ ദോഷം കാരണം ആണെന്ന് വിശ്വസിപ്പിച്ചു. 

സർപ്പ ദോഷം മാറ്റിയാൽ മാത്രമേ കുഞ്ഞുങ്ങൾ ഉണ്ടാവും എന്നും അതിന് പരിഹാര കർമ്മങ്ങൾ നടത്തണമെന്നും ഇമാം കുടുംബത്തെ അറിയിച്ചു. ഇതു പ്രകാരം കുടുംബം യുവതിയുമായി ഇമാമിന്റെ താമസസ്ഥലത്ത് എത്തി. മുറിക്കുള്ളിൽ യുവതി മാത്രമേ പ്രവേശിക്കാൻ പാടുള്ളൂ എന്ന് ഇമാം നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതി മാത്രം ആണ് മുറിക്ക് ഉള്ളിൽ പ്രവേശിച്ചത്. 

സർപ്പ ദോഷത്തിന് പരിഹാര കർമ്മങ്ങൾ നടത്തുന്നതിന്റെ പേരിൽ ഇമാം പെൺകുട്ടിയെ സ്പർശിക്കാൻ തുടങ്ങുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ യുവതി ഇമാമിന്റെ മുറിക്കുള്ളിൽ നിന്നും രക്ഷപ്പെട്ട് മുറിക്ക് പുറത്ത് എത്തി അവിടെ ഉണ്ടായിരുന്ന മാതാപിതാക്കളോട് കാര്യങ്ങൾ അറിയിച്ചു. തുടർന്ന് യുവതിയുടെ രക്ഷിതാക്കൾ വെള്ളറട പൊലീസിൽ പരാതി നൽകി. ഇതിനിടെ സജീർ മൗലവി ഒളിവിൽ പോയി. പൊലീസിൻ്റെ അന്വേഷണത്തിൽ ഇയാളെ നെടുമങ്ങാട് തൊളിക്കോട് നിന്ന് വെള്ളറട പൊലീസ് പിടികൂടുകയായിരുന്നു. 

Read more: 'കേരള സർക്കാറിനെ വിമർശിക്കാം, കേരളത്തെ മോശം പറയാൻ അമിത് ഷായ്ക്ക് ഒരവകാശവുമില്ലെന്ന് കുഞ്ഞാലിക്കുട്ടി

അതേസമയം, കന്യാകുമാരി തക്കലയിൽ മന്ത്രവാദത്തിനായി തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്. മന്ത്രവാദിയുടെ വീട്ടിൽ നിന്നാണ് കുട്ടിയെ രക്ഷിച്ചത്. കാരക്കൊണ്ടാൻവിള സ്വദേശി രാസപ്പൻ ആശാരിയെ തക്കല പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം നടന്നത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അതുവഴി പൂജാസാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കണ്ട രാസപ്പൻ ആശാരി തട്ടിക്കൊണ്ടുപോയി. രക്ഷിതാക്കളും നാട്ടുകാരും ഏറെ നേരം അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.