മൂലത്തറ: പതിനൊന്ന് കൊല്ലം മുൻപ് തകർന്ന പാലക്കാട്ടെ മൂലത്തറ റഗുലേറ്റർ പുതുക്കിപ്പണിത് നാടിന് സമർപ്പിച്ചു. പാലക്കാടൻ കാർഷികമേഖലയ്ക്ക് ആളിയാർ അണക്കെട്ടിലെ വെളളമെത്തിക്കാനുളള സംവിധാനമാണ് ഇതിലൂടെ ഒരുങ്ങുന്നത്. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. പാലക്കാടിന്റെ കിഴക്കൻ മേഖലയിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണ് മൂലത്തറ റെഗുലേറ്റർ. 

പറമ്പിക്കുളം  ആളിയാർ കരാർ പ്രകാരം കിട്ടുന്ന വെളളം ചിറ്റൂർ പുഴയിലേക്കെത്തിക്കുന്ന റഗുലേറ്ററാണ് മൂലത്തറയിലേത്. 20000 ഹെക്ടറിലേറെ വരുന്ന കാർഷിക മേഖലയിലേക്ക് ഇനി തടസ്സം കൂടാതെ വെളളമെത്തും. 1972-ൽ നിർമ്മിച്ച  മൂലത്തറ റെഗുലേറ്റര്‍, 2009 ലെ കനത്ത മഴയിലും വെളളക്കെട്ടിലും തകർന്നിരുന്നു. തുടർന്ന്  പുനർനിമ്മാണം അനന്തമായി നീളുകയായിരുന്നു. മൂന്നുവർഷം മുമ്പ് തുടങ്ങിയ നിർമ്മാണ പ്രവർത്തനം ഒടുവിൽ പൂർത്തിയായി. 64 കോടിരൂപ ചെലവിട്ടാണ് റഗുലേറ്റർ പുതുക്കിപ്പണിതത്. 

കിഴക്കൻ മേഖലയുടെ ആവശ്യമായ വലതുകര കനാൽ ഉടൻ യാഥാർത്ഥ്യമാകുമെന്ന് വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം നിർവ്വഹിച്ച മുഖ്യമന്ത്രിയുടെ ഉറപ്പ് നല്‍കി. പാലക്കാട് ജില്ലയിലെ 17 പഞ്ചായത്തുകൾക്കും ചിറ്റൂർ തത്തമംഗലം നഗരസഭയ്ക്കും കാർഷികാവശ്യത്തിനുളള വെളളത്തിന് ഇനി ബുദ്ധിമുട്ടുണ്ടാകില്ല. ഒപ്പം ആളിയാറിൽ നിന്ന് കിട്ടുന്ന വെളളം ഇനി പാഴാകുകയുമില്ല. ലോകബാങ്ക് ധനസഹായത്തോടുകൂടിയാണ് നവീകരം പൂർത്തിയാക്കിയത് .