Asianet News MalayalamAsianet News Malayalam

ആലപ്പുഴയിൽ പഞ്ചായത്ത് അധികൃതർ കൈയൊഴിഞ്ഞ നാട്ടുതോട് ശുചീകരണം ഏറ്റെടുത്ത് നാട്ടുകാർ

ഇരുകരയിലുമുള്ള താമസക്കാർ സംഘടിച്ചാണ് ഹിറ്റാച്ചിയുടെ വാടകയും മറ്റു ചെലവുകളും കണ്ടെത്തിയത്...

In Alappuzha, the locals took over the cleaning of the River
Author
Alappuzha, First Published Jul 21, 2021, 5:05 PM IST

ആലപ്പുഴ: പഞ്ചായത്ത് അധികൃതർ കൈയൊഴിഞ്ഞ നാട്ടുതോട് ശുചീകരണത്തിന് നാട്ടുകാർ ഒന്നിച്ചു. തായങ്കരി ജെട്ടി മുതൽ മൂലേൽപ്പാലം വരെയുള്ള തായങ്കരി നാട്ടുതോട് ശുചീകരണത്തിനാണ് പ്രദേശവാസികൾ ഇടപെട്ടത്. എടത്വാ കൃഷിഭവൻ പരിധിയിലെ രണ്ടാംകൃഷി നടക്കുന്ന വടകര പാടത്തിന്റെ ബണ്ടുസംരക്ഷണത്തിനെത്തിച്ച ഹിറ്റാച്ചി ഉപയോഗിച്ചാണ് തോട്ടിലെ പുല്ലും മാലിന്യങ്ങളും വാരിമാറ്റിയത്. 

ഇരുകരയിലുമുള്ള താമസക്കാർ സംഘടിച്ചാണ് ഹിറ്റാച്ചിയുടെ വാടകയും മറ്റു ചെലവുകളും കണ്ടെത്തിയത്. ഒരുവർഷമായി തോട്ടിൽ പുല്ലും പോളയും പായലും തഴച്ചുവളർന്ന് ഗതാഗതം തടസ്സപ്പെട്ട നിലയിലായിരുന്നു. തോട്ടിൽ പോള വളർന്നതോടെ ഇഴജന്തുക്കളുടെ ഉപദ്രവവും പ്രദേശവാസികളെ പൊറുതിമുട്ടിച്ചിരുന്നു. സമീപ പാടങ്ങളിൽ കാർഷികാവശ്യങ്ങൾക്കുള്ള വിത്ത്, വളം, കാർഷികോപകരണങ്ങൾ എന്നിവ എത്തിച്ചിരുന്നത് ഈ തോട്ടിലൂടെയാണ്. 

ശുദ്ധജലവിതരണ ലൈനിന്റെ അഭാവത്തിൽ തോട്ടിലെ വെള്ളമാണ് പ്രാഥമികാവശ്യങ്ങൾക്ക് നാട്ടുകാർ ഉപയോഗിച്ചിരുന്നത്. ഇരുപതു മീറ്ററോളം വീതിയുള്ള തോടായതിനാൽ തൊഴിലുറപ്പുപദ്ധതിയിലുൾപ്പെടുത്താനും കഴിയാത്ത അവസ്ഥയിലായിരുന്നു. തോടിന്റെ ഇരുകരയിലെയും പൊതുജനങ്ങളുടെ ശ്രമഫലമായി ശുചീകരിച്ച തായങ്കരി നാട്ടുതോടിന് പുതുജീവൻ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാർ. 

Follow Us:
Download App:
  • android
  • ios