ഇത് മൂന്നാം വട്ടം! ബൊലേറോ വീട്ടുമുറ്റത്ത് നിർത്തിയിടും, ഇരുട്ടുവാക്കിലെത്തുന്ന അജ്ഞാതൻ; ഗ്ലാസ് തവിടുപൊടി
നിലമ്പൂര്‍ നഗരസഭയിലെ കോണ്‍ഗ്രസ് അംഗമായ റസിയ അള്ളംമ്പാടത്തിന്‍റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൊലേറോ ജീപ്പിന് നേരെയാണ് ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ആക്രമണമുണ്ടായത്
നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ നഗരസഭാ കൗണ്‍സിലറുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിയിരുന്ന വാഹനത്തിന് നേരെ വീണ്ടും അജ്ഞാതന്‍റെ അക്രമം. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് വേണ്ടിയോടുന്ന ബൊലോറോ ജീപ്പിന്‍റെ ഗ്ലാസ് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. മുമ്പും രണ്ടു വട്ടം ഇതേ വാഹനത്തിന് നേരെ അക്രമമുണ്ടായിരുന്നു.
നിലമ്പൂര്‍ നഗരസഭയിലെ കോണ്‍ഗ്രസ് അംഗമായ റസിയ അള്ളംമ്പാടത്തിന്‍റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൊലേറോ ജീപ്പിന് നേരെയാണ് ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ആക്രമണമുണ്ടായത്. ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ ആള്‍ ജീപ്പിന്‍റെ പിന്‍വശത്തെ ഗ്ലാസ് എറിഞ്ഞു തകര്‍ക്കുന്ന ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ഇതിനു ശേഷം ഇയാള്‍ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. റസിയുയുടെ ഭര്‍ത്താവ് അബ്‍ദുവിന്‍റെ ഉടമസ്ഥതയിലുള്ള വാഹനം നിലമ്പൂരിലെ പെയിന്‍ ആൻഡ് പാലിയേറ്റീവ് കേന്ദ്രത്തിനായി കരാര്‍ വ്യവസ്ഥയിലാണ് ഓടുന്നത്. മുമ്പ് രണ്ട് വട്ടം ഇതേ വാഹനത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് നഗരസഭാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. നിലമ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.