Asianet News MalayalamAsianet News Malayalam

കൊവിഡ് രണ്ടാം തരംഗത്തില്‍ കനിവ് 108 ആംബുലന്‍സുകള്‍ സേവനം നല്‍കിയത് 69,205 പേർക്ക്

മാര്‍ച്ച് 25 മുതല്‍ ജൂണ്‍ 25 വരെയുള്ള 92 ദിവസത്തെ കണക്കുകള്‍ അനുസരിച്ച് 69,205 ആളുകള്‍ക്കാണ് സംസ്ഥാനത്തുടനീളം കൊവിഡ് അനുബന്ധ സേവനങ്ങള്‍ എത്തിച്ചത്. 92 ദിവസം കൊണ്ട് 55,872 ട്രിപ്പുകളാണ് കൊവിഡിന് മാത്രമായി നടത്തിയത്...

In the second wave of covid, Kaniv 108 ambulances served 69,205 people
Author
Thiruvananthapuram, First Published Jun 28, 2021, 12:25 PM IST

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് സേവനമായ കനിവ് 108 ആംബുലന്‍സുകള്‍ 69,205 ആളുകള്‍ക്ക് സേവനം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ തന്നെ മുന്‍നിര പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് കനിവ് 108 ആംബുലന്‍സുകള്‍. കൊവിഡ് രണ്ടാം തരംഗം നേരിടാനുള്ള ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലും കനിവ് 108 ആംബുലന്‍സുകളും അതിലെ ജീവനക്കാരും സജീവ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. 

316 കനിവ് 108 ആംബുലന്‍സുകളാണ് സംസ്ഥാനത്തുടനീളം സേവനമനുഷ്ഠിക്കുന്നത്. അതില്‍ 290 ആംബുലന്‍സുകളാണ് വിവിധ ജില്ലാ ഭരണകൂടങ്ങള്‍ക്ക് കീഴില്‍ കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മുന്‍നിര കൊവിഡ് പോരാളികളായി 1500 ഓളം ജീവനക്കാരാണ് സേവനമനുഷ്ഠിക്കുന്നത്. മികച്ച സേവനം നടത്തുന്ന എല്ലാ ജീവനക്കാരേയും അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.

മാര്‍ച്ച് 25 മുതല്‍ ജൂണ്‍ 25 വരെയുള്ള 92 ദിവസത്തെ കണക്കുകള്‍ അനുസരിച്ച് 69,205 ആളുകള്‍ക്കാണ് സംസ്ഥാനത്തുടനീളം കൊവിഡ് അനുബന്ധ സേവനങ്ങള്‍ എത്തിച്ചത്. 92 ദിവസം കൊണ്ട് 55,872 ട്രിപ്പുകളാണ് കൊവിഡിന് മാത്രമായി നടത്തിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ക്ക് സേവനം ലഭിച്ചത്. ഇവിടെ 10,471 ആളുകള്‍ക്ക് കൊവിഡ് അനുബന്ധ സേവനങ്ങള്‍ എത്തിക്കാന്‍ കനിവ് 108 ആംബുലന്‍സുകള്‍ക്ക് കഴിഞ്ഞു. തിരുവനന്തപുരം 6149, കൊല്ലം 6556, പത്തനംതിട്ട 2362, ആലപ്പുഴ 1950, കോട്ടയം 4240, ഇടുക്കി 2372, എറണാകുളം 5549, തൃശൂര്‍ 5394, മലപ്പുറം 7180, കോഴിക്കോട് 5744, വയനാട് 3532, കണ്ണൂര്‍ 4188, കാസര്‍കോട് 3518 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ കനിവ് 108 ആംബുലന്‍സുകളുടെ കൊവിഡ് അനുബന്ധ സേവനം ലഭ്യമാക്കിയവരുടെ കണക്കുകള്‍.

കൊവിഡ് പോസിറ്റീവ് ആയവരെ വീടുകളില്‍ നിന്ന് കൊവിഡ് കെയര്‍ സെന്ററുകളിലേക്കും അവിടെ നിന്ന് ആശുപത്രികളിലേക്കും, കൊവിഡ് പരിശോധനകള്‍ക്കും മറ്റുമാണ് കനിവ് 108 ആംബുലന്‍സുകളുടെ സേവനം കൂടുതലും ഉപയോഗപ്പെടുത്തുന്നത്. ലോക്ക് ഡൗണ്‍ കാലയളവില്‍ വിവിധ ജില്ലാ ഭരണകൂടങ്ങളുടെ നിര്‍ദേശ പ്രകാരം വിദഗ്ധ ചികിത്സയ്ക്ക് രോഗികളെ മാറ്റുന്നതിനും 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കി വരുന്നു.

29 ജനുവരി 2020 മുതലാണ് സംസ്ഥാനത്ത് കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കനിവ് 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കി തുടങ്ങിയത്. നാളിതുവരെയായി 2,65,827 കോവിഡ് അനുബന്ധ ട്രിപ്പുകള്‍ കനിവ് 108 ആംബുലന്‍സുകള്‍ ഓടുകയും ഇതിലൂടെ 3,70,955 ആളുകള്‍ക്ക് കൊവിഡ് അനുബന്ധ സേവനം ലഭ്യമാക്കാനും സാധിച്ചു. കോവിഡ് ബാധിതരായ 3 യുവതികളുടെ പ്രസവവും കനിവ് 108 ആംബുലന്‍സിനുള്ളില്‍ ജീവനക്കാരുടെ പരിചരണത്തില്‍ നടന്നു.

Follow Us:
Download App:
  • android
  • ios