യാത്രക്കാരിക്ക് സീറ്റ് നിഷേധിക്കുകയും അപമാനിക്കുകയും ചെയ്ത സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തു. കോഴിക്കോട്-ഗുരുവായൂർ റൂട്ടിലെ ബസിലാണ് സംഭവം.  

മലപ്പുറം: യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ശക്തമായ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. യാത്രക്കാരിയുടെ പരാതിയില്‍ കോഴിക്കോട്- ഗുരുവായൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന 'ട്രൈഞ്ചര്‍ സ്വകാര്യബസിലെ കണ്ടക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. യാത്രക്കാരിയായ പുത്തൂര്‍ അരിച്ചോള്‍ ടി.കെ. ശൈലജയാണ് (62) പരാതിക്കാരി.

തുടര്‍ന്ന് ജില്ല ആ ര്‍.ടി.ഒ ബി.എ. ഷഫീഖിന്റെ നിര്‍ദേ ശപ്രകാരം സമഗ്ര അന്വേഷണം നടത്തി. ദൃശ്യങ്ങള്‍ സഹിതം നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഇത്തരം പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. രാമനാട്ടുകരയില്‍ നിന്നും ചങ്കുവെട്ടിയിലേക്ക് ബസ് കയറിയ ശൈലജ തനിക്ക് അവകാശപ്പെട്ട സീറ്റ് അനുവദിച്ചു തരാന്‍ കണ്ടക്ടറോട് ആവശ്യപ്പെട്ടിരുന്നു.

ഗുരുവായൂര്‍ക്കുള്ള യാത്രക്കാരാണെന്നും പ്രശ്‌നമുണ്ടാക്കരുതെന്നുമായിരുന്നു കണ്ടക്ടറുടെ മറുപടി. ആവശ്യം വീണ്ടും ആവര്‍ത്തിച്ചതോടെ സീറ്റില്‍ ഇരുന്നവര്‍ക്കൊപ്പം കണ്ടക്ടര്‍ അപമാനിച്ചെന്നാണ് പരാതി. നടപടിയില്‍ സന്തോഷമുണ്ടെന്നും അവകാശപ്പെട്ട സീറ്റുകള്‍ അര്‍ഹര്‍ക്ക് ലഭിക്കാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്നും ശൈലജ പറഞ്ഞു.