സെക്യൂരിറ്റിയെ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി ഫോണ്‍ കൈവശപ്പെടുത്തി സ്ഥാപനത്തില്‍ നിന്നും പണം കവര്‍ച്ച ചെയ്ത കേസിൽ ഒരാൾ പിടിയിൽ.
തൃശൂര്‍: പുഴയ്ക്കല്‍ ലുലു ജങ്ഷനിലുള്ള സ്ഥാപനത്തില്‍ നിന്നും സെക്യൂരിറ്റിയെ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി ഫോണ്‍ കൈവശപ്പെടുത്തി സ്ഥാപനത്തില്‍ നിന്നും പണം കവര്‍ച്ച ചെയ്ത കേസിൽ ഒരാൾ പിടിയിൽ. പ്രതികളില്‍ ഒരാളായ മധ്യപ്രദേശ് കാര്‍ഗോണ്‍ ജില്ലയിലെ ചാണ്‍പൂര്‍ സ്വദേശിയായ കിഷന്‍ യാദവ് (29) എന്നയാളെ മധ്യപ്രദേശില്‍ നിന്നും പിടികൂടി.
കഴിഞ്ഞ മേയ് 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥാപനത്തിലെ സെക്യൂരിറ്റിയെ നാലുപേര്‍ ചേര്‍ന്ന് കെട്ടിയിട്ട് ഭീഷണിപ്പെടുത്തി സ്ഥാപനത്തില്‍ നിന്നും പണം കവര്‍ച്ച നടത്തുകയായിരുന്നു. സെക്യൂരിറ്റി നല്‍കിയ മൊഴിയനുസരിച്ചും സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമുള്ള അന്വേഷണത്തിലും നാലുപേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നും വ്യക്തമായി.
തുടര്‍ന്നുള്ള വിശദമായ അന്വേഷണത്തിലാണ് പ്രതികളിലൊരാള്‍ മധ്യപ്രദേശിലുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. തുടര്‍ന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഇളങ്കോയുടെ നിര്‍ദേശപ്രകാരം തൃശൂര്‍ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും വെസ്റ്റ് പൊലീസ് അന്വേഷണ സംഘവും ചേര്‍ന്നാണ് മധ്യപ്രദേശില്‍ നിന്നും പ്രതിയെ പിടികൂടിയത്.
