കൂട്ടം തെറ്റി റോഡിലെത്തിയപ്പോഴാണ് ഒരു കൂട്ടം നായ്ക്കള്‍ പുറകേ കൂടിയത്. പിന്നൊന്നും നോക്കിയില്ല.. ഓടി ഹോട്ടലിലേക്ക് കയറുകയായിരുന്നു... ആ നവാതിഥി.
വയനാട്: പൊടുന്നനെ ഓടിയെത്തിയ അതിഥിയെ കണ്ട് ഭക്ഷണം കഴിച്ച് കൊണ്ടിരുന്നുവര്‍ അമ്പരന്നു. ചിലര്‍ പരിഭ്രാന്തരായി ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു. അമ്പരപ്പ് മാറിയപ്പോഴാണ് കടക്കുള്ളിലേക്ക് ഓടിയെത്തിയത് കേഴമാനാണെന്ന് ജനത്തിന് മനസിലായത്. ഇന്ന് (4.8.2018) മേപ്പാടി പാരിസ് ഹോട്ടലിലായിരുന്നു സംഭവം. സമീപത്തെ തേയില തോട്ടത്തില്‍ നിന്നും വഴിതെറ്റി പുറത്തിറങ്ങിയ മാനിനെ തെരുവ് നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കാനൊരുങ്ങി.
ഇവയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് കേഴമാന്‍ ഹോട്ടലിനുള്ളിലേക്ക് ഓടിക്കയറിയത്. വാഹനങ്ങള്‍ കണ്ടതോടെ പരിഭ്രാന്തിയിലായിരുന്നു മാന്‍. കടക്കുള്ളിലെ ടൈലില്‍ കാല്‍ വഴുതിയ മാനിന് ഏറെ നേരം ഇവിടെ കിടക്കേണ്ടി വന്നു. തുടര്‍ന്ന് വന്യമൃഗങ്ങളെ പരിപാലിക്കുന്നതില്‍ വിദഗ്ധനായ അഹമ്മദ് ബഷീര്‍ എന്നയാള്‍ എത്തി മാനിനെ പിടികൂടി വനത്തില്‍ തുറന്ന് വിട്ടുകയായിരുന്നു.
