ഇടുക്കി: കേരള - തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ കാട്ടുപോത്തിനെ കെണിവച്ച് പിടിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി ബോഡി റേഞ്ച് ഓഫീസര്‍ നാഗരാജന്‍. സംഭവത്തില്‍ എസ്റ്റേറ്റ് ജീവനക്കാരായ മാസിലാമണി (65), അരുണ്‍പ്രകാശ് (33) എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. 

എന്നാല്‍ എസ്റ്റേറ്റ് ഉടമകളായ രാജകുമാരി സ്വദേശികള്‍ക്ക് പങ്കുള്ളതായി ആരോപണമുയര്‍ന്ന സാഹചര്യചത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് വട്ടവട പാമ്പാടും ചോലയിലെത്തിയ കാട്ടുപോത്തിന്റെ കുട്ടിയുടെ കഴുത്തില്‍ കെണി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേണത്തിലാണ് അതിര്‍ത്തിമേഖലയില്‍ നടക്കുന്ന വന്‍ വന്യമ്യഗ വേട്ട അധിക്യതര്‍ കണ്ടെത്തിയത്. 

മൂന്നാറിലെ ഉന്നത രാഷ്ട്രിയ നേതാവും അഭിഭാഷകനുമായ ഉടമയുടെ പേരിലുള്ള എസ്റ്റേറ്റില്‍ നിന്ന് തമിഴ്‌നാട് വനംവകുപ്പ് അധിക്യതര്‍ 12 ഓളം കെണികള്‍ കണ്ടെടുത്തു. വട്ടവടയിലെത്തിയ കാട്ടുപോത്തേിന്റെ കഴുത്തില്‍ കണ്ടെത്തിയ കെണിയുടെ ബാക്കി ഭാഗങ്ങള്‍ എസ്റ്റേറ്റില്‍ നിന്നാണ് അധിക്യതര്‍ പിടിച്ചെടുത്തത്. ടോപ്പ് സ്റ്റേഷന്‍ ബോഡി റേഞ്ചിലെ കൊട്ടക്കുടി വില്ലേജ് അതിര്‍ത്തിയിലാണ് എസ്റ്റേറ്റ് ഉള്ളത്. 

ഇവിടെ സ്ഥിരമായി വന്യമ്യഗങ്ങളുടെ ഇറച്ചി ഉപയോഗിക്കുന്നതായി മൂന്നാര്‍ വനംവകുപ്പ് അധിക്യതര്‍ക്ക് വിവരം ലഭിച്ചിരുന്നു. തമിഴ്‌നാട് റേഞ്ച് ആയതിനാല്‍ സംഭവം ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയെങ്കിലും തുടര്‍നടപടികളുണ്ടായിരുന്നില്ല. എന്നാല്‍ കാട്ടുപോത്തിന്റെ കഴുത്തില്‍ കുരുക്ക് കണ്ടെത്തിയതോടെ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷമിയുടെ നിര്‍ദ്ദേശപ്രകാരം പക്ഷിനിരീക്ഷകരെന്ന വ്യാജേനെ രണ്ട് ഉദ്യോഗസ്ഥര്‍ എസ്റ്റേറ്റിലെത്തുകയും തമിഴ്‌നാട് വനംവകുപ്പിന്റെ സഹകരണത്തോടെ പരിശോധന നടത്തുകയുമായിരുന്നു. 

തുടര്‍ന്നാണ് സംഘത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്. മൂന്നാറില്‍ നിന്ന് മാസത്തിലൊരിക്കല്‍ എസ്റ്റേറ്റിലെത്തുന്ന ഉടമകളുടെ പേരുവിവരങ്ങള്‍ ക്യത്യമായി എഴുതിച്ചേര്‍ത്താണ് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തമിഴ്‌നാട് റേഞ്ച് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. എന്നാല്‍ നിലവില്‍ ഉടമകള്‍ക്കെതിരെ കേസെടുക്കുവാന്‍ പോലും അധിക്യതര്‍ തയ്യറായിട്ടില്ല. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്‌ക്കേ മറ്റ് നടപടികള്‍ സ്വീകരിക്കുവെന്ന നിലപാടിലാണ് അധിക്യതര്‍.