പരപ്പനങ്ങാടി: തോട്ടിൽ ഉപേക്ഷിച്ച നിലയിൽ 86 ആധാർ കാർഡുകൾ ലഭിച്ചതോടെ നാട്ടുകാർ നൽകിയ പരാതിയെതുടർന്ന് പോസ്റ്റ്മാന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടത്തിയത് ചാക്ക് കണക്കിന് പോസ്റ്റൽ ഉരുപ്പടികൾ. പരപ്പനങ്ങാടി ഉള്ളണം പോസ്റ്റ് ഓഫീസിലെ ശിപായി പോസ്റ്റ്മാൻ മോഹനചന്ദ്രന്റെ വീട്ടിൽ നിന്നാണ് ഉരുപ്പടികൾ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ വീടിന്റെ പരിസരത്തെ തോട്ടിൽ നിന്ന് ആധാർ കാർഡുകൾ കണ്ടത്തിയിരുന്നു. ഇതോടെയാണ് നാട്ടുകാർ പരാതി നൽകിയത്. 

ഉള്ളണം പോസ്റ്റോഫീസിലെ കത്തുകളും മറ്റു ഉരുപ്പടികളുമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടത്തിയിരുന്നത്. നിരവധിയാളുകൾ ആധാർ കാർഡ് അടക്കമുള്ള രേഖകൾക്ക് അപേക്ഷിച്ച് കാത്തിരിക്കുമ്പോഴാണ് ഇവ കണ്ടെത്തിയത്. ഇത്തരം വിഷയത്തെ തുടർന്നുള്ള ആശങ്കകൾ പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. പരപ്പനങ്ങാടി അഡീഷണൽ എസ് ഐമാരായ വിമല, രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടതതിയത്.