ഇൻസ്റ്റാഗ്രാം വഴിയാണ് ആലപ്പുഴ സ്വദേശിയായ യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും അടുപ്പത്തിൽ ആയി...
ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ തൃക്കണ്ണൻ അറസ്റ്റില്‍. ഇരവുകാട് സ്വദേശിയായ മുഹമ്മദ് ഹാഫിസിനെയാണ് സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. തൃക്കണ്ണൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഹാഫിസിന് ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്നരലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. ചുരുക്കം ചില സിനിമകളിലും ഹാഫിസ് മുഖം കാണിച്ചിട്ടുണ്ട്.
ഇൻസ്റ്റാഗ്രാം വഴിയാണ് ആലപ്പുഴ സ്വദേശിയായ യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും അടുപ്പത്തിൽ ആയി. വിവാഹവാഗ്ദാനം നൽകി തൃക്കണ്ണൻ പല തവണ പീഡിപ്പിച്ചു എന്നും പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറി എന്നുമാണ് ഇൻസ്റ്റഗ്രാം താരമായ യുവതി നൽകിയ പരാതി. ഇരുവരും തമ്മിൽ അടുപ്പത്തിൽ ആയിരുന്നു ഇന്നും ഒത്തുപോകാൻ പറ്റാത്തതു കൊണ്ടാണ് വിവാഹത്തിൽ നിന്നു പിന്‍മാറിയത് എന്നുമാണ് ഹാഫിസ് നൽകിയിരിക്കുന്ന മൊഴി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം; 4.9 ലക്ഷം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
അതിനിടെ പാലക്കാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം നൽകി 4,95,000 രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിലായി എന്നതാണ്. കോതമംഗലം അയ്യൻകാവ് പാരപ്പിള്ളി തോട്ടത്തിൽ അനുപമയാണ് (36) പിടിയിലായത്. വടക്കഞ്ചേരി കാരയങ്കാട് സ്വദേശി മുഹമ്മദ് സഫ്വാന്റെ പരാതിയിൽ വടക്കഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ വടക്കഞ്ചേരിയിൽ വെച്ച് ചൊവ്വാഴ്ചയാണ് അനുപമയെ അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബറിനും ഡിസംബറിനും ഇടയിൽ പല ഘട്ടങ്ങളിലായി അനുപമ മുഹമ്മദിൽ നിന്ന് പണം വാങ്ങിയതായാണ് കേസ്. മുഹമ്മദും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന അനുപമ ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭവിഹിതവും മൊതലും നൽകാമെന്ന് പറഞ്ഞ് മുഹമ്മദിൽ നിന്നും പണം വാങ്ങുകയായിരുന്നെന്ന് വടക്കഞ്ചേരി പൊലീസ് പറഞ്ഞു. മറ്റി ജില്ലകളിലും അനുപമയ്ക്കെതിരെ പണത്തട്ടിപ്പിന് പരാതി ലഭിച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അനുപമയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
