മാനന്തവാടി കാട്ടിക്കുളം ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ബസ് യാത്രക്കാരനായ യുവാവില്‍ നിന്ന് 29.662 ഗ്രാം എംഡിഎംഎ പിടികൂടി. കര്‍ണാടകയില്‍ നിന്ന് വന്ന ബസിലെ യാത്രക്കാരനായ മലപ്പുറം സ്വദേശി ഷക്കീല്‍ റുമൈസ് ആണ് അറസ്റ്റിലായത്.

മാനന്തവാടി: ബസിലെ യാത്രക്കാരനായ യുവാവില്‍ നിന്ന് 29.662 ഗ്രാം എംഡിഎംഎ പിടികൂടി. മലപ്പുറം മുന്നിയൂര്‍ ചേറശ്ശേരി വീട്ടില്‍ എ.പി ഷക്കീല്‍ റുമൈസ് (29) എന്നയാളാണ് എംഡിഎംഎയുമായി പിടിയിലായത്. കേരളത്തിലേക്ക് അതിര്‍ത്തി കടക്കാന്‍ കാട്ടിക്കുളം ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കര്‍ണാടകയില്‍ നിന്നും എത്തിയ ഡില്‍എല്‍ടി ബിഗ് ബസിലെ യാത്രക്കാരനായിരുന്നു ഷക്കീല്‍ റുമൈസ്. പൊലീസ് യുവാവിന്റെ ട്രാവല്‍ ബാഗ് പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡിനൊപ്പം തിരുനെല്ലി പോലീസ് കൂടി പരിശോധനക്കുണ്ടായിരുന്നു. ഇയാള്‍ 2024-ല്‍ ലഹരിക്കടത്തിനിടെ എക്‌സൈസ് പിടിയിലായിട്ടുണ്ട്. തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എം. ബിജു, എസ്.ഐ കെ.കെ. സോബിന്‍ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

പല മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്ന ലഹരിക്കടത്തുകാരുടെ ഐഡിയ പൊളിക്കാന്‍ ഡാന്‍സാഫ് ടീം കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ്. വയനാട്ടിലെ സംസ്ഥാന അതിര്‍ത്തികളിലൂടെ സ്വകാര്യ വാഹനങ്ങളിലും പൊതുയാത്രാ വാഹനങ്ങളിലുമെല്ലാം ലഹരിക്കടത്ത് നിര്‍ബാധം തുടരുമ്പോള്‍ പരിശോധനക്ക് വേണ്ടത്ര സംവിധാനങ്ങളും ആള്‍ബലവുമില്ല എന്നതാണ് പ്രതിസന്ധി. എന്നാല്‍ ഇതിനിടയിലും അതിര്‍ത്തി കടക്കുന്ന ബസുകള്‍ അടക്കം വിശദമായി നോക്കിയാണ് കടത്തിവിടുന്നത്. വില്‍പ്പന ലക്ഷ്യമിട്ട് വലിയ അളവില്‍ ലഹരി കടത്തുന്നവര്‍ ഇപ്പോള്‍ കൂടുതലും ആശ്രയിക്കുന്നത് പൊതുയാത്ര വാഹനങ്ങളെയാണ്.