കൊച്ചിയിലെ യുവ ഡോക്ടറെ വ്യാജ മാട്രിമോണിയൽ സൈറ്റ് വഴി കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട്, കമ്പോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചൈനീസ് സൈബർ റാക്കറ്റിലെ കണ്ണികളായ മൂന്ന് മലയാളികളെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വ്യാജ മാട്രിമോണിയൽ സൈറ്റുകൾ വഴി യുവ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് മലയാളികളെ കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനീയറിംഗ് ബിരുദധാരിയായ അരൂർ സ്വദേശി സൂരജ് കൃഷ്ണ, മലപ്പുറം വളാഞ്ചേരി സ്വദേശികളായ മുഹമ്മദ് ഫൈസൽ, ആദിൽ കെ.പി എന്നിവരാണ് പിടിയിലായത്. 20-നും 25-നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. കമ്പോഡിയ കേന്ദ്രീകരിച്ച് ചൈനീസ് പൗരന്മാർ നിയന്ത്രിക്കുന്ന വൻ സൈബർ റാക്കറ്റിലെ കണ്ണികളാണ് ഇവരെന്നു പൊലീസ് കണ്ടെത്തി.
കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. മാട്രിമോണിയൽ സൈറ്റ് വഴി ഒരു എൻആർഐ യുവതിയുടെ പേരിൽ വ്യാജ വിവാഹ അഭ്യർത്ഥന അയച്ചാണ് സംഘം ഡോക്ടറെ വലയിലാക്കിയത്. നിരന്തരം സംസാരിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം വെബൈസ്റ്റ് എന്ന ട്രേഡിംഗ് ആപ്പ് ഡോക്ടർക്ക് പരിചയപ്പെടുത്തി. താനും ഇതിലൂടെ വൻ ലാഭം ഉണ്ടാക്കുന്നുണ്ടെന്ന് സ്ക്രീൻഷോട്ടുകൾ സഹിതം ഡോക്ടറെ വിശ്വസിപ്പിച്ചു. യുവതിയുടെ വാക്കുകൾ വിശ്വസിച്ച് പല ഘട്ടങ്ങളിലായി 37 ലക്ഷം രൂപ ഡോക്ടർ ആപ്പിൽ നിക്ഷേപിച്ചു. എന്നാൽ ലാഭമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതായതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.
ചൈനീസ് പൗരന്മാർ ഒരു കോർപ്പറേറ്റ് കമ്പനിക്ക് സമാനമായ രീതിയിലാണ് കമ്പോഡിയയിൽ ഈ തട്ടിപ്പ് കേന്ദ്രം നടത്തുന്നത്. നാട്ടിൽ നിന്ന് ജോലി വാഗ്ദാനം നൽകി കമ്പോഡിയയിലെത്തിക്കുന്ന യുവാക്കളെയും യുവതികളെയും ഇത്തരം തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നു. വിസിറ്റിംഗ് വിസയിൽ അയൽരാജ്യങ്ങളിൽ എത്തിച്ച് റോഡ് മാർഗ്ഗമാണ് ഇവരെ കമ്പോഡിയയിൽ എത്തിക്കുന്നത്. അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും പണം ഉടൻ പിൻവലിക്കാനും സൈബർ സാങ്കേതിക വിദ്യയിൽ വിദഗ്ധരായ ചെറുപ്പക്കാരെയാണ് സംഘം നിയോഗിച്ചിരിക്കുന്നത്. അറസ്റ്റിലായ പ്രതികളിൽ നിന്ന് ലഭിച്ച ഡിജിറ്റൽ വിവരങ്ങൾ ഡീകോഡ് ചെയ്ത് അന്താരാഷ്ട്ര സംഘത്തിന്റെ വേരുകൾ കണ്ടെത്താനാണ് സൈബർ പോലീസിന്റെ നീക്കം.


