പാചകവാതക സിലിണ്ടറില്‍ ചോര്‍ച്ചയില്ലെന്നാണ് ഇവരുടെ കണ്ടെത്തല്‍. കിടപ്പുമുറിയ്ക്ക്  പുറകിലായുളള വരാന്തയില്‍ പാചകവാതക അടുപ്പില്‍ വെള്ളം ചൂടാക്കാൻ വെച്ചിരുന്നു. കാറ്റില്‍ തീ കെട്ടപ്പോള്‍ പാചകവാതകം മുറിയിലേക്ക് പരന്നിരിക്കാമെന്ന പൊലീസിൻറെ നിഗമനം ഉദ്യോഗസ്ഥര്‍ ശരിവെച്ചു.

തൃശൂര്‍: മലാക്കയില്‍ വീടിനുള്ളില്‍ ഉണ്ടായ തീപിടുത്തത്തിന്‍റെ കാരണം പാചകവാതക ചോര്‍ച്ച തന്നെയെന്ന് ഐഒസി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പൊലീസിന് സമര്‍പ്പിക്കും. അതേസമയം മരിച്ച കുട്ടികളുടെ കുടുംബത്തിന് ആവശ്യമായ സഹായം സര്‍ക്കാര്‍ നല്കുമെന്ന് മന്ത്രി എസി മൊയ്തീൻ അറിയിച്ചു.

മലാക്കയില്‍ രണ്ട് കുട്ടികള്‍ വീടിനകത്ത് വെന്തു മരിച്ചത് പാചകവാതകം ചോര്‍ന്നുണ്ടായ തീപിടുത്തം മൂലമെന്നാണ് പൊലീസിൻറെ നിഗമനം. കൂടുതല്‍ പരിശോധനകള്‍ക്കായാണ് ഐഒസി ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തിയത്. ഐഒസി സീനിയര്‍ മാനേജര്‍ അലക്സ് മാത്യൂവിന്‍റെ നേതൃത്വത്തിലുളള സംഘം വീടിനുള്ളിലും പരിസരത്തും വിശദമായ പരിശോധന നടത്തി. 

പാചകവാതക സിലിണ്ടറില്‍ ചോര്‍ച്ചയില്ലെന്നാണ് ഇവരുടെ കണ്ടെത്തല്‍. കിടപ്പുമുറിയ്ക്ക് പുറകിലായുളള വരാന്തയില്‍ പാചകവാതക അടുപ്പില്‍ വെള്ളം ചൂടാക്കാൻ വെച്ചിരുന്നു. കാറ്റില്‍ തീ കെട്ടപ്പോള്‍ പാചകവാതകം മുറിയിലേക്ക് പരന്നിരിക്കാമെന്ന പൊലീസിൻറെ നിഗമനം ഉദ്യോഗസ്ഥര്‍ ശരിവെച്ചു. തീപിടുത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന ഡാൻറേഴ്സണും ബിന്ദുവും, അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ല. 

ഇതിനിടെ മന്ത്രി എസി മൊയ്തീൻ മലാക്കയിലുളള ഇവരുടെ വീട് സന്ദര്‍ശിച്ചു. എറണാകുളത്തെ ആശുപത്രി അധികൃതരുമായി ഇവരുടെ ചികിത്സയെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിൻറെ ഭാഗത്ത് നിന്ന് എല്ലാ സഹായവും പിന്തുണയും കുടുംബത്തിനുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

വ്യാഴാഴ്ച രാത്രിയിലുണ്ടായ തീപിടുത്തതില്‍ മുറിയില്‍ ഉറങ്ങികിടന്നിരുന്ന ഡാന്‍ഫെലിസ്, സഹോദരി രണ്ടു വയസുള്ള സെലസ്മിയ എന്നിവരാണ് മരിച്ചത്. മൂത്ത മകള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു.