Asianet News MalayalamAsianet News Malayalam

19 പദ്ധതികൾ, 4500 കോടിയുടെ നിക്ഷേപം! കേരളത്തിൽ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ച് ഐഎസ്എസ്കെ, ക്രിക്കറ്റിന് 1200 കോടി

കൊച്ചിയിൽ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ള സ്പോർട്സ് സിറ്റി പദ്ധതിക്കും കോഴിക്കോട്, തൃശൂർ, പത്തനംതിട്ട ജില്ലകളിലെ പദ്ധതികൾക്കുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ 1200 കോടി രൂപ നിക്ഷേപിക്കുമെന്ന് അറിയിച്ചു

ISSK announced huge investment in Kerala sports sector Investment of more than 4500 crore rupees in 19 projects asd
Author
First Published Jan 26, 2024, 12:25 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടി (ISSK 2024) രണ്ടു ദിവസം പിന്നിടുമ്പോൾ കേരളത്തിലെ കായിക മേഖലയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞത് 4500 കോടി രൂപയുടെ നിക്ഷേപം. കേരളം വിഭാവനം ചെയ്യുന്ന കായിക സമ്പദ് വ്യവസ്ഥയ്ക്ക് ഊർജ്ജം പകരുന്ന വലിയ പദ്ധതികളാണ് ഈ നിക്ഷേപങ്ങളിലൂടെ വരാനിരിക്കുന്നത്. കൊച്ചിയിൽ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ള സ്പോർട്സ് സിറ്റി പദ്ധതിക്കും കോഴിക്കോട്, തൃശൂർ, പത്തനംതിട്ട ജില്ലകളിലെ പദ്ധതികൾക്കുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ 1200 കോടി രൂപ നിക്ഷേപിക്കുമെന്ന് അറിയിച്ചു. 

കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി കേരള ഫുട്ബോൾ അസോസിയേഷനുമായി ചേർന്ന് 8 അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയങ്ങളും നാല് ഫുട്ബോൾ അക്കാഡമികളും സ്ഥാപിക്കുന്നതിന് ഗ്രൂപ്പ് മീരാനും സ്കോർലൈൻ സ്പോർട്സും ചേർന്ന്  800 കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്തു. കൊച്ചിയിൽ 650 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കായിക സമുച്ചയമായ ലോഡ്സ് സ്പോർട്സ് സിറ്റിയാണ് മറ്റൊരു പദ്ധതി. വിവിധ കായിക ഇനങ്ങളേയും അനുബന്ധ ആക്ടിവിറ്റികളും ഒരു കുടയ്ക്കു കീഴിൽ കൊണ്ടുവരുന്ന ബൃഹത്പദ്ധതിയാണിത്.

പൊലീസിനും സിനിമ മേഖലക്കും അഭിമാനം വാനോളം! സിനിമ നടൻ കൂടിയായ ഡിവൈഎസ്പിക്ക് രാഷ്ട്രപതിയുടെ മെഡല്‍

അതിവേഗം വളരുന്ന ഇ-സ്പോർട്സ് രംഗത്തും മികച്ച നിക്ഷേപം ആകർഷിക്കാൻ കേരളത്തിനു കഴിഞ്ഞു. നോ സ്കോപ്പ് ഗെയിമിങ് ഈ രംഗത്ത് കേരളത്തിൽ 350 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ വലിയ വളർച്ചാ സാധ്യതകളുള്ള സാഹസിക കായിക വിനോദം, ജല കായിക വിനോദം എന്നീ രംഗങ്ങളിൽ 200 കോടി രൂപയുടെ നിക്ഷേപം ഈ രംഗത്തെ മുൻനിരക്കാരായ ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് വാഗ്ദാനം ചെയ്തു.
 
കോഴിക്കോട് സ്റ്റേഡിയം വികസനവുമായി ബന്ധപ്പെട്ട് 450 കോടി രൂപയുടെ നിക്ഷേപം പ്രീമിയർ ഗ്രൂപ്പും വാഗ്ദാനം ചെയ്തു. ഫുട്ബോൾ താരം സി. കെ. വിനീതിന്റെ നേതൃത്വത്തിലുള്ള തേർട്ടീൻത് ഫൗണ്ടേഷൻ 300 കോടിയുടെ നിക്ഷേപവുമായി കായിക താരങ്ങൾക്ക് താമസ സൗകര്യങ്ങളോടു കൂടിയ അത്യാധുനിക കായിക പരിശീല കേന്ദ്രമുൾപ്പെടുന്ന സ്പോർട്സ് കോംപ്ലക്സ് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിച്ച ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റിന്റെ ആദ്യ രണ്ടു ദിവസങ്ങളിലായി കായിക പശ്ചാത്തലസൗകര്യ വികസന പദ്ധതികളടക്കം 19  പദ്ധതികളാണ് അവതരിപ്പിക്കപ്പെട്ടത്.

സംസ്ഥാനത്തുടനീളം കായിക പദ്ധതികൾ താഴെത്തട്ടിലെത്തിക്കുന്നതിന് 100 കോടി ചെലവിൽ സ്പോർട്സ് ഫോർ ഓൾ പദ്ധതി പ്രഖ്യാപിച്ചു. കൊച്ചിയിൽ മൂലൻസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 100 കോടി രൂപ നിക്ഷേപത്തിൽ മറ്റൊരു നഗര കായിക സമുച്ചയം കൂടി വരുന്നു. 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച ജി സി ഡി എ വിവിധ പദ്ധതികൾക്കുള്ള 1380 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പ്രഖ്യാപനവും നടത്തി.

ഇന്ത്യ ഖേലോ ഫുട്ബോൾ, സംസ്ഥാനത്തെ വിവിധ സോഷ്യൽ ക്ലബുകളുടെ കൂട്ടായ്മ, പ്രോ സ്പോർട്സ് വെഞ്ചേഴ്സ്, സ്പോർട്സ് എക്സോട്ടിക്ക, സ്പോർട്സ് ആന്റ് മാനേജ്മെന്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, എൻ ബി ഫിറ്റ്നസ് അക്കാഡമി, കേരളീയം മോട്ടോർ സ്പോർട്സ് അസോസിയേഷൻ, ആർബിഎസ് കോർപറേഷൻ, ബാവാസ് സ്പോർട്സ് വില്ലേജ് തുടങ്ങിയ സംരംഭകരും 50 മുതൽ 25 കോടി രൂപ വരെയുള്ള വിവിധ നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്തു.

ബീറ്റ ഗ്രൂപ്പ് സംസ്ഥാനത്ത് ടെന്നീസ് ലീഗ് തുടങ്ങാൻ ധാരണയായിട്ടുണ്ട്. ഡോ. അൻവർ അമീൻ ചേലാട്ടിൻ്റെ നേതൃത്വത്തിലുള്ള റീജൻസി ഗ്രൂപ്പ് സ്പോർട്സ് മാനുഫാക്ചറിങ്ങ് രംഗത്ത് 50 കോടി നിക്ഷേപം നടത്തും

100 ദിവസത്തെ മുന്നൊരുക്ക പരിപാടികളോടെയാണ് സമ്മിറ്റിന് തുടക്കം കുറിച്ചത്. സമ്മിറ്റിന് ശേഷം 100 ദിവസത്തെ ഫോളോ അപ്പ് നടത്തും. പദ്ധതികൾ അതിവേഗം നടപ്പാക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് ലക്ഷ്യം. 

മൈക്രോ ലെവൽ പ്ലാനിങ്ങിന്റെ ഭാഗമായി 14 ജില്ലാ സമ്മിറ്റുകളും 652 പഞ്ചായത്ത് മൈക്രോ സമ്മിറ്റുകളും പൂർത്തിയാക്കി. ഇന്റർനാഷണൽ സമ്മിറ്റിന് ശേഷം ഈ പ്രക്രിയ തുടരും.
സമ്മിറ്റിൽ എല്ലാ സ്പോർട്സ് അസോസിയേഷനുകളും, ജില്ലാ സ്പോർട്സ് കൗൺസിലുകളും മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കി അവതരിപ്പിച്ചു.

മൈക്രോ സമ്മിറ്റുകൾ പൂർത്തിയാക്കിയ പഞ്ചായത്തുകൾ പദ്ധതികൾ തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. അവ പരിശോധിച്ച് നടപ്പാക്കുന്നതിന് നടപടി വേഗതയിലാക്കും. 

സംസ്ഥാനത്തെ കായിക വിഭവശേഷി മാപ്പിങ്ങിനും തുടക്കം കുറിച്ചു. ഒരു മാസത്തിനകം പൂർത്തിയാക്കും. ജനുവരി 23 ന് ആരംഭിച്ച അന്താരാഷ്ട്ര കായിക ഉച്ചകോടി 2024 ജനുവരി 26 ന് സമാപിക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios