പല ഭാഗങ്ങളിലും നെറ്റ് വര്‍ക് കിട്ടാത്തതും ഉള്ളിടത്ത് ഇന്ററര്‍നെറ്റിന് വേഗതയില്ലാത്തതുമാണ് പ്രശ്‌നം. കുട്ടികള്‍ക്ക് ഓരോ ദിവസവും പഠിപ്പിക്കുന്ന കാര്യങ്ങള്‍ മൊബൈലില്‍ ലഭിക്കുന്നത് ദിവസങ്ങള്‍ കഴിഞ്ഞാണ്. സുഗന്ധഗിരി മേഖലയിലേക്ക് കൂടി നെറ്റ് വര്‍ക്ക് ശരിയായി ലഭിക്കുന്ന ടവറില്ലെന്നാണ് ഇവരുടെ പരാതി

കല്‍പ്പറ്റ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ക്ലാസ് നടപ്പാക്കി ഒരു വര്‍ഷം പിന്നിടുമ്പോഴും വയനാട്ടില്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ ബുദ്ധിമുട്ടുകയാണ്. പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായി കുറിച്യ, കാട്ടുനായ്ക്ക ആദിവാസി വിഭാഗങ്ങളുടെ പുനരധിവാസം നടപ്പിലാക്കിയ ഇടമാണ് വയനാട്ടിലെ സുഗന്ധഗിരി. എന്നാല്‍ സുഗന്ധഗിരികുന്നുകളിലെ കുട്ടികളുടെ കൊവിഡ് കാലത്തെ ഓണ്‍ ലൈന്‍പഠനം തുടക്കം മുതലെ അവതാളത്തിലാണ്.

പല ഭാഗങ്ങളിലും നെറ്റ് വര്‍ക് കിട്ടാത്തതും ഉള്ളിടത്ത് ഇന്ററര്‍നെറ്റിന് വേഗതയില്ലാത്തതുമാണ് പ്രശ്‌നം. കുട്ടികള്‍ക്ക് ഓരോ ദിവസവും പഠിപ്പിക്കുന്ന കാര്യങ്ങള്‍ മൊബൈലില്‍ ലഭിക്കുന്നത് ദിവസങ്ങള്‍ കഴിഞ്ഞാണ്. സുഗന്ധഗിരി മേഖലയിലേക്ക് കൂടി നെറ്റ് വര്‍ക്ക് ശരിയായി ലഭിക്കുന്ന ടവറില്ലെന്നാണ് ഇവരുടെ പരാതി. നിലവില്‍ കിലോമീറ്ററുകള്‍ അകലെ പൊഴുതനയില്‍ സ്ഥാപിച്ചിട്ടുള്ള ബി.എസ്.എന്‍.എല്‍ ടവറിലെ സിഗ്നലാണ് ഇവര്‍ക്ക് ലഭിക്കുന്നത്. വീട്ടില്‍ നിന്നിറങ്ങി മാവേലി, പ്ലാന്റേഷന്‍, ചെന്നായ്കവല തുടങ്ങിയ പ്രദേശങ്ങളിലേക്ക് എത്തിയാലെ പേരിനെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകൂ.

ഇക്കാരണം കൊണ്ട് തന്നെ മഴയിലും വെയിലിലും ക്ലാസ് ലഭിക്കുന്നതിന് വേണ്ടി പലരും ഈ പ്രദേശങ്ങളിലേക്ക് എത്തേണ്ട അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനകാര്യത്തില്‍ വയനാട്ടിലെ ഏത് പ്രദേശത്തേക്കാളും പിന്നിലാണ് സുഗന്ധഗിരി. സുഗന്ധഗിരിയുടെ സമഗ്രവികസനത്തിനായി കോടികളുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റോഡ് നവീകരണം അടക്കമുള്ള പ്രവൃത്തികള്‍ ഇഴയുകയാണ്. 2018-ലെ പ്രളയകാലത്ത് തകര്‍ന്ന റോഡുകളുടെ പോലും പ്രവൃത്തി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. മഴക്കാലങ്ങളില്‍ സുഗന്ധഗിരിയിലെ ജീവിതം അങ്ങേയറ്റം ദുഷ്‌കരമാകും. പലയിടങ്ങളിലും ഉരുള്‍പൊട്ടല്‍ഭീഷണി കൂടി നിലനില്‍ക്കുന്നുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona