നഗരത്തിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സ്വകാര്യ ഐ ടി ഐയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന സംഘര്‍ഷത്തില്‍ അക്രമം തടയാന്‍ ശ്രമിച്ച അധ്യാപകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

ആലപ്പുഴ: നഗരത്തിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സ്വകാര്യ ഐ ടി ഐയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന സംഘര്‍ഷത്തില്‍ അക്രമം തടയാന്‍ ശ്രമിച്ച അധ്യാപകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി നാല് പേരെ പോലീസ് അറസ്റ്റ് ചെയ്യ്തു. വ്യാഴാഴ്ച ക്രിസ്മസ് ആഘോഷത്തിനിടയിലായിരുന്നു അക്രമം തുടങ്ങിയത്.

സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ സിസിടിവി ക്യാമറയടക്കം പരിശോധിച്ച് പോലീസ് അക്രമം നടത്തിയ കൂടുതല്‍പേരെ തിരിച്ചറിയാന്‍ ശ്രമങ്ങള്‍ നടക്കുന്നു. പ്രായപൂര്‍ത്തിയാകാത്തവരും വിദ്യാര്‍ഥികളുമായതിനാല്‍ പോലീസ് രക്ഷിതാക്കളെ വിളിച്ച് വരുത്തിയ ശേഷം വിദ്യാര്‍ത്ഥികളെ വിട്ടയയ്ക്കുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ചയും സമാനമായ അക്രമങ്ങള്‍ നടന്നു. 

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെ തന്നെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പിട്ടിരുന്നതായും അതിന്റെ തുടര്‍ച്ചയാണ് ആക്രമണങ്ങള്‍ക്ക് കാരണമെന്നും പറയുന്നു. ഇതിനിടെ അക്രമത്തിന്റെ പേരില്‍ പോലീസ് നിരപരാധിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ചതായി പരാതിയുയര്‍ന്നു. ഇതേ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ അരൂക്കുറ്റി ഏഴാംവാര്‍ഡ് കണ്ണഞ്ചിറ ഫിറോസാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഡിവൈഎഫ്ഐ അരൂക്കുറ്റി ഇഎംഎസ് കമ്മിറ്റിയംഗമാണ് ഫിറോസ്.