ധനുമാസത്തിലെ തിരുവാതിര നാളില്‍ കോഴിക്കോട്ടെങ്ങും നരികളാണ്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വീടുകൾ തോറും കയറി ഇറങ്ങുകയാണ് നരി വേഷക്കാര്‍. തൃശൂരില്‍ പുലിക്കളി പോലെ കോഴിക്കോട്ടുകാര്‍ക്ക് നരിക്കളിയാണ്. 

കോഴിക്കോട്: ധനുമാസത്തിലെ തിരുവാതിര നാളില്‍ കോഴിക്കോട്ടെങ്ങും നരികളാണ്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വീടുകൾ തോറും കയറി ഇറങ്ങുകയാണ് നരി വേഷക്കാര്‍. തൃശൂരില്‍ പുലിക്കളി പോലെ കോഴിക്കോട്ടുകാര്‍ക്ക് നരിക്കളിയാണ്. ശരീരത്തില്‍ മഞ്ഞ ചായം പൂശി തലപ്പാവും മുടിയും വച്ച നരികള്‍. കയ്യില്‍ കൊമ്പ്. കൂളിംഗ് ഗ്ലാസ് നിര്‍ബന്ധം. 

ധനുമാസത്തിലെ തിരുവാതിരയ്ക്കാണ് ഇങ്ങനെ നരികളിറങ്ങുന്നത്. ചെണ്ട വാദ്യത്തിന്റെ അകമ്പടിയോടെ നരി സംഘങ്ങള്‍ നാടുചുറ്റും. അമ്പലത്തില്‍ നിന്ന് അനുഗ്രഹം വാങ്ങി തേങ്ങയുടച്ച ശേഷമാണ് വേഷക്കാര്‍ നരിക്കളിക്ക് ഇറങ്ങാറ്. വീടുകള്‍ തോറും ഈ സംഘം കയറിയിറങ്ങും. വീട്ടിലെത്തുന്ന നരികള്‍ക്ക് കുടിക്കാന്‍ പാല് നല്‍കണം. ഗ്ലാസിലെ പാല്‍ കൈ കൊണ്ട് തൊടാതെ വേണം നരികള്‍ കുടിക്കാന്‍. 

വൈകീട്ട് തുടങ്ങുന്ന നരിക്കളി പിറ്റേ ദിവസം പുലര്‍ച്ച വരെ നീളുന്ന ദിനങ്ങളുണ്ടായിരുന്നു പണ്ട്. എന്നാലിപ്പോള്‍ അര്‍ദ്ധരാത്രിക്ക് മുമ്പേ കളി അവസാനിപ്പിക്കും. ആളൊരു നരിയാണെന്നാണ് കോഴിക്കോട്ടുകാര്‍ പറയുക. ഇവിടെ നരിവേഷം കെട്ടുന്നവര്‍ക്ക് മാത്രമല്ല കാണുന്നവര്‍ക്കും ആവേശമാണ്.