യുഡിഎഫിന്റെ ഏത് പ്രാദേശിക നേതാവുമായും പഞ്ചായത്ത് അംഗങ്ങളുമായും നാടിന്റെ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ജെയ്ക്ക്. 

കോട്ടയം: പുതുപ്പള്ളിയുടെ വികസനം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസ്. പുതുപ്പള്ളിയുടെ വികസനം തന്നെയാണ് തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെക്കുന്ന ഒന്നാമത്തെ വിഷയം. യുഡിഎഫിന്റെ ഏത് പ്രാദേശിക നേതാവുമായും പഞ്ചായത്ത് അംഗങ്ങളുമായും നാടിന്റെ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ജെയ്ക്ക് പറഞ്ഞു. നാളെ വൈകുന്നേരം അഞ്ചിന് 'വികസന സന്ദേശ സദസ്' പുതുപ്പള്ളി കവലയില്‍ നടക്കും. മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക് പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും ജെയ്ക്ക് അറിയിച്ചു. 

ജെയ്ക്ക് സി തോമസിന്റെ കുറിപ്പ്: ''ഈ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയുടെ വികസനം നാലാംതരം കാര്യമാണ് എന്നാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം, എന്നാല്‍ എല്‍ഡിഎഫിന് വികസനം അങ്ങനെ ഒന്നല്ല. പുതുപ്പള്ളിയുടെ വികസനം തന്നെയാണ് ഈ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മുന്നോട്ടുവെക്കുന്ന ഒന്നാമത്തെ വിഷയം. യുഡിഎഫിന്റെ ഏത് പ്രാദേശിക നേതാവുമായും പഞ്ചായത്ത് അംഗങ്ങളുമായും നാടിന്റെ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. പൊതുപ്രവര്‍ത്തന രംഗത്തുള്ളവരെല്ലാം ഒരുപോലെയാണ് എന്നതാണ് ഞങ്ങളുടെ നിലപാട്. അതില്‍ പ്രതിപക്ഷ നേതാവ് പറയും പോലെ ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ തരക്കാരില്ല. പുതുപ്പള്ളിയുടെ വികസനം മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതാണ്. പുതുപ്പള്ളിയുടെ സമഗ്ര വികസനത്തിന്റെ എല്‍ഡിഎഫ് മാതൃകകള്‍ ഉയര്‍ത്തിക്കാട്ടി നാളെ വൈകുന്നേരം 5.00 ന് 'വികസന സന്ദേശ സദസ്' പുതുപ്പളളി കവലയില്‍ നടക്കും. കേരളത്തിന്റെ മുന്‍ ധനകാര്യമന്ത്രി സ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുഖഛായ മാറ്റിയ സെന്റ് ജോര്‍ജ്‌സ് സ്‌കൂളില്‍ നിന്നും വികസന സന്ദേശയാത്രയും ഉണ്ടാകും. പുതുപ്പള്ളിയുടെ വികസനം ആഗ്രഹിക്കുന്ന എല്ലാവരും വികസന സംവാദങ്ങളില്‍ ഭാഗമാകണം. പുതുപ്പള്ളിയുടെ വികസനം നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഒരേ മനസോടെ നമുക്ക് അതിനായി മുന്നേറാം.'' 

സോളാർ പീഡന കേസ്; കെ. സി. വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കോടതി അംഗീകരിച്ചു