സംസ്ഥാന പൊലീസ് ഡ്യൂട്ടി മീറ്റിൽ പങ്കെടുത്ത വർഷം തന്നെ സ്വർണ മെഡലുമായി ഒന്നാം സ്ഥാനവും ഭോപാലിൽ നടന്ന 66–ാമത് ദേശീയ പൊലീസ് ഡ്യൂട്ടി മീറ്റിൽ എക്സ്പ്ലോസീവ്, നർകോട്ടിക് വിഭാഗങ്ങളിൽ മത്സരിച്ച് 5–ാം സ്ഥാനവും നേടിയാണ് ജാമി തിളങ്ങിയത്.
ആലപ്പുഴ: ജില്ലാ പൊലീസിന് അഭിമാനമായി ആലപ്പുഴ കെ9 സ്ക്വാഡിലെ എക്സ്പ്ലോസീവ് സ്നിഫർ വിഭാഗത്തിൽ ജാമിയും നർകോട്ടിക് സ്നിഫർ വിഭാഗത്തിൽ ലിസിയും വീണ്ടും താരങ്ങളായി. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഇരുവരുടെയും കഴുത്തിൽ മെഡൽ അണിയിച്ച ശേഷം ഉപഹാരവും സമ്മാനിച്ചു. സംസ്ഥാന പൊലീസ് ഡ്യൂട്ടി മീറ്റിൽ പങ്കെടുത്ത വർഷം തന്നെ സ്വർണ മെഡലുമായി ഒന്നാം സ്ഥാനവും ഭോപാലിൽ നടന്ന 66–ാമത് ദേശീയ പൊലീസ് ഡ്യൂട്ടി മീറ്റിൽ എക്സ്പ്ലോസീവ്, നർകോട്ടിക് വിഭാഗങ്ങളിൽ മത്സരിച്ച് 5–ാം സ്ഥാനവും നേടിയാണ് ജാമി തിളങ്ങിയത്.
പൊലീസ് സേനയിൽ വിവിഐപി, വിഐപി ഡ്യൂട്ടിയിൽ സ്ഥിരമായി പങ്കെടുത്തതിന്റെ പ്രവൃത്തി പരിചയം ജാമിയെ വിജയത്തിലേക്ക് നയിക്കാൻ സഹായിച്ചു. സംസ്ഥാന മീറ്റിൽ ലിസി തുടർച്ചയായി 2–ാം തവണയും 3–ാം സ്ഥാനം നിലനിർത്തി. 2020 ലെ മെഡൽ ഓഫ് എക്സലൻസ് ഉൾപ്പെടെ പൊലീസ്, എക്സൈസ് വകുപ്പുകളിൽ കുറഞ്ഞ കാലയളവിൽ കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിലും ലിസിയുടെ പങ്ക് വളരെ വലുതായിരുന്നു. ഇരുവരെയും പരിശീലിപ്പിച്ച അഖിൽ സോമൻ, രാഹുൽ കൃഷ്ണൻ, ജയപ്രസാദ്, അഭിനന്ദ് എസ്. പ്രസാദ് എന്നിവരെ എഎസ്പി എസ്. ടി. സുരേഷ്കുമാർ പൊന്നാട ചാർത്തി ആദരിച്ചു.
ഡപ്യൂട്ടി കമൻഡാന്റ് വി. സുരേഷ്ബാബു, ഡിസിആർബി ഡിവൈഎസ്പി കെ. എൽ. സജിമോൻ, അസി. കമൻഡാന്റ് ഇൻ ചാർജ് ബി. സുദർശനൻ, ഡോഗ് സ്ക്വാഡ് ഇൻ ചാർജ് എസ്ഐ പി. എസ്. ജോർജ്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
