Asianet News MalayalamAsianet News Malayalam

സബ്സിഡി നിലച്ചു , പാചകവാതകത്തിന്റെയും അരിയുടെയും വില താങ്ങാനാകുന്നില്ല; ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയില്‍

അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും ജില്ലാ മിഷനിൽ നിന്നു കൃത്യമായി ഗ്രാന്റ് അനുവദിക്കാത്തതും പ്രവർത്തനത്തെ ബാധിക്കുന്നതായാണ് കുടുംബശ്രീ പ്രവർത്തകർ പറയുന്നത്. 

janakeeya hotels in crisis story from alappuzha
Author
First Published Sep 26, 2022, 1:40 PM IST

ആലപ്പുഴ: അന്നം നൽകുന്നത് മുടങ്ങാതെയിരിക്കാന്‍ പാടുപെടുകയാണ് ആലപ്പുഴ ജില്ലയിലെ ജനകീയ ഹോട്ടലുകൾ. 20 രൂപയ്ക്ക് ഊണ് നൽകുന്ന ഹോട്ടലുകൾക്കുള്ള സബ്സിഡി തുക ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. അതിനൊപ്പം സബ്സിഡി സമയത്ത് ലഭിക്കാത്തതും പ്രശ്നമാകുന്നു.

കുടുംബശ്രീ പ്രവർത്തകരാണ് ജനകീയ ഹോട്ടലുകൾ നടത്തുന്നത്. ഓരോ ജനകീയ ഹോട്ടലിനും വിൽപനയ്ക്കനുസരിച്ച് 4 മുതൽ 10 വരെ ജീവനക്കാരാണ് ഉള്ളത്. ജില്ലയിൽ ആകെ 200ലധികം പേർ ഈ മേഖലയിൽ ജോലി ചെയ്യുന്നു.  തദ്ദേശ സ്ഥാപനങ്ങളാണ് ഹോട്ടൽ പ്രവർത്തിക്കാനാവശ്യമായ സ്ഥലസൗകര്യവും വെള്ളവും ഉൾപ്പെടെ ഒരുക്കി നൽകുന്നത്. ഊണ് വിൽപന കഴിഞ്ഞ് ക്ലെയിം ചെയ്യുന്നതനുസരിച്ചാണ് കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നു തുക അനുവദിക്കുന്നത്. എന്നാൽ അടുത്തിടെയായി ലക്ഷക്കണക്കിനു രൂപയാണ് ഇത്തരത്തിൽ നൽകാൻ ബാക്കിയുള്ളത്. ഗ്രാന്റ് കുടിശികയായിട്ടും ഹോട്ടൽ അടയ്ക്കാതെ മുന്നോട്ടു കൊണ്ടുപോകുകയാണ് കുടുംബശ്രീ പ്രവർത്തകർ.  

വ്യാപാരം കുറഞ്ഞതിനെത്തുടർന്ന് അരൂക്കുറ്റി പഞ്ചായത്തിലെ ജനകീയ ഹോട്ടൽ താൽക്കാലികമായി നിർത്തി. അരൂക്കുറ്റി കൊമ്പനാമുറി കിഴക്ക് പാട്ടുപറമ്പ് ക്ഷേത്രത്തിനു സമീപമായിരുന്നു പ്രവർത്തനം. പള്ളിപ്പുറം, തൈക്കാട്ടുശേരി, പാണാവള്ളി, പെരുമ്പളം പഞ്ചായത്തുകളിൽ ജനകീയ ഹോട്ടലുകൾ മുടക്കമില്ലാതെ പ്രവർത്തിക്കുന്നു. ഇവിടങ്ങളിൽ ഏതാനും മാസത്തെ സബ്സിഡി ലഭിക്കാനുണ്ട്. ചാരുംമൂട് മേഖലയിലും മുഹമ്മ, തണ്ണീർമുക്കം പഞ്ചായത്തുകളിലും ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പട്ടണക്കാട്, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ പഞ്ചായത്തുകളിൽ ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ മിഷനിൽ നിന്നുള്ള ഗ്രാന്റിനു പുറമേ പഞ്ചായത്തുകളുടെ തനത് ഫണ്ടിൽപെടുത്തിയാണ് ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം.  

അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും ജില്ലാ മിഷനിൽ നിന്നു കൃത്യമായി ഗ്രാന്റ് അനുവദിക്കാത്തതും പ്രവർത്തനത്തെ ബാധിക്കുന്നതായാണ് കുടുംബശ്രീ പ്രവർത്തകർ പറയുന്നത്. കുടുംബശ്രീയുമായി സഹകരിച്ച് ജില്ലയിൽ ആദ്യം ആരംഭിച്ച ജനകീയ ഭക്ഷണശാല മണ്ണഞ്ചേരിയിലാണ്. ഇവിടെ പ്രതിദിനം 120 പേരാണ് ഭക്ഷണം കഴിക്കുന്നത്. ചോറ്, സാമ്പാർ, മോര്, മീൻചാറ്, തോരൻ, മെഴുക്കുപുരട്ടി, അച്ചാർ എന്നിവയടങ്ങുന്നതാണ് ഊണ്. ഒരു ഊണിന് 10 രൂപ പ്രകാരം സർക്കാർ സബ്സിഡി നൽകുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് നിത്യവും ഇതുസംബന്ധിച്ച കണക്കുകൾ തയാറാക്കുന്നത്. പാചകവാതകത്തിന്റെയും അരി ഉൾപ്പെടെയുള്ളവയുടെയും ഉയർന്ന വിലയാണ് സംരംഭത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. കഴിഞ്ഞ 3 മാസമായി സർക്കാർ സബ്സിഡി കിട്ടാതായതോടെ കടം വാങ്ങി ജനകീയ ഹോട്ടൽ മുന്നോട്ടു കൊണ്ടുപോവുകയാണ്. മുകൾ നിലയിൽ പ്രവർത്തിക്കുന്നതിനാൽ ഗ്യാസ് അടുപ്പ് മാത്രമേ ഉപയോഗിക്കാനാകൂ. ആഴ്ചയിൽ 2 സിലിണ്ടർ എങ്കിലും വേണ്ടി വരും. 1800 രൂപ നിരക്കിൽ വാങ്ങുന്നു. പ്രതിദിനം 70 മുതൽ 80 വരെ ഊണ് വിറ്റുപോകുന്നുണ്ട്. 4 പേർ ചേർന്നാണ് നടത്തുന്നത്’– ചെങ്ങന്നൂർ നഗരസഭയിലെ ജനകീയ ഹോട്ടലിന്റെ സെക്രട്ടറി റൂത്ത് അശോകൻ പറഞ്ഞു. 25 രൂപയ്ക്ക് സാമ്പാർ ,അവിയൽ, മെഴുക്കുപുരട്ടി, അച്ചാർ എന്നിവയാണ് ശ്രമദാനം കുടുംബശ്രീ യൂണിറ്റ് നടത്തുന്ന ഈ ഹോട്ടലിൽ നൽകുന്നത്. അവിയലിനും മെഴുക്കുപുരട്ടിക്കും പകരം ചില ദിവസങ്ങളിൽ തീയലും തോരനുമാകും വിഭവങ്ങൾ.

പാതിരപ്പള്ളിയിലെ സ്നേഹജാലകം ജനകീയ ഭക്ഷണശാല സാധാരണക്കാരുടെ അഭയകേന്ദ്രമായിട്ട് 4 വർഷത്തോളമാകുന്നു. രാവിലെയും ഉച്ചയ്ക്കും ഭക്ഷണവുമായി ദേശീയപാതയോരത്ത് പാതിരപ്പള്ളിയിലെ ഹോട്ടലിന്റെ വാതിൽ സാധാരണക്കാർക്കും വിശക്കുന്നവർക്കുമായി തുറന്നു കിടക്കുകയാണ്. ഭക്ഷണം കഴിച്ചശേഷം പുറത്തേക്കിറങ്ങുമ്പോൾ മേശയിലുള്ള സംഭാവനപ്പെട്ടിയിൽ താൽപര്യമുള്ള തുക നിക്ഷേപിക്കാം. 2018 മാർച്ച് 2ന് സി.ജി.ഫ്രാൻസിസ് സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ ഭക്ഷണശാലയ്ക്ക് കെട്ടിട സൗകര്യം ഒരുക്കിയത് കെഎസ്എഫ്ഇയാണ്. ദേശീയപാത വികസനത്തെ തുടർന്ന് നിലവിലുള്ള കെട്ടിടം പൊളിക്കേണ്ടി വരുന്നതിനാൽ താൽക്കാലികമായി പ്രവർത്തനം നിർത്തിയിരിക്കുകയാണ്.  പ്രദേശവാസി സൗജന്യമായി സംഭാവന ചെയ്ത 10 സെന്റ് സ്ഥലത്ത് കെട്ടിടം പണിത് അടുക്കള സ്ഥാപിക്കുവാനും ദേശീയപാതയോരത്ത് കെട്ടിടം വാടകയ്ക്ക് എടുത്ത് ഭക്ഷണശാല പുനരാരംഭിക്കാനുമാണ് സംഘാടകരുടെ തീരുമാനം. നിക്ഷേപപ്പെട്ടിയിൽ നിന്നു ലഭിക്കുന്ന വരുമാനവും നാട്ടുകാരുടെ സ്പോൺസർഷിപ്പിലൂടെയുമാണ് ചെലവിനുള്ള പണം കണ്ടെത്തുന്നത്.

Read Also: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Follow Us:
Download App:
  • android
  • ios