സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍റെ മണ്ഡലമായ പൊന്നാനിയെയും ഉന്നത വിദ്യഭ്യാസ മന്ത്രി കെ ടി ജലീന്‍റെ മണ്ഡലമായ തവനൂരിനേയും ബന്ധിപ്പിക്കുന്ന ജങ്കാറില്‍ ആദ്യ യാത്രയിൽ ഇരുവരും യാത്രക്കാരായി പങ്കുചേര്‍ന്നു

പൊന്നാനി: ആറ് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം പൊന്നാനിയില്‍ ജങ്കാര്‍ സര്‍വീസ് വീണ്ടും തുടങ്ങി. പൊന്നാനിയെയും പടിഞ്ഞാറേക്കരയെയും ബന്ധിപ്പിക്കുന്ന ജങ്കാർ സർവീസ് ആവേശത്തോടെയാണ് നാട്ടുകാര്‍ വരവേറ്റത്.

സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍റെ മണ്ഡലമായ പൊന്നാനിയെയും ഉന്നത വിദ്യഭ്യാസ മന്ത്രി കെ ടി ജലീന്‍റെ മണ്ഡലമായ തവനൂരിനേയും ബന്ധിപ്പിക്കുന്ന ജങ്കാറില്‍ ആദ്യ യാത്രയിൽ ഇരുവരും യാത്രക്കാരായി പങ്കുചേര്‍ന്നു. 50 യാത്രക്കാര്‍ക്കും 12 കാറുകൾക്കും ഒരേ സമയം യാത്ര ചെയ്യാൻ കഴിയുന്ന ജങ്കാറാണ് സര്‍വീസ് തുടങ്ങിയത്.

2013 ല്‍ നിര്‍ത്തിവച്ച ജങ്കാർ സർവീസ് പൊന്നാനി നഗരസഭയുടെ നിരന്തര ശ്രമഫലമായാണ് ഇപ്പോള്‍ പുനരാരംഭിച്ചത്. ഇതോടെ ഇരുകരകളിലുമുള്ളവര്‍ക്ക് അക്കരെയെത്താൻ കിലോമീറ്ററുകളുടെ ദൈര്‍ഘ്യം കുറയും. രാവിലെ എഴുമണി മുതൽ രാത്രി ഏഴുമണി വരെയാണ് സർവീസ്. പടിഞ്ഞാറേക്കരയിൽനിന്ന് പൊന്നാനിയിലേക്കും തിരിച്ചും ഓരോ മണിക്കൂർ ഇടവിട്ടാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത് വിദ്യാർഥികൾക്ക് യാത്രാനിരക്കിൽ 50 ശതമാനം ഇളവുണ്ട‌്.