ജെഡിഎസ് ജനാധിപത്യ പാര്‍ട്ടി, ദേശീയ പ്രസിഡന്‍റിന്‍റേത് അപ്രതീക്ഷിത നിലപാട്, സമാന്തര നീക്കവുമായി സി കെ നാണു
പാർട്ടിക്ക് ഏറ്റവും ശക്തമായ വേരുള്ള സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ എൻഡിഎയിലേക്ക് പോകരുതായിരുന്നുവെന്ന് സി കെ നാണു

കോഴിക്കോട്: എൻഡിഎയ്ക്കൊപ്പം ചേരാനുള്ള ദേവഗൗഡയുടെ തീരുമാനത്തിന് വിമർശനവുമായി ജെഡിഎസ് ദേശീയ വൈസ് പ്രസിഡന്റ് സി കെ നാണു. ദേവഗൗഡ ബഹുമാന്യനാണ്. പ്രധാനമന്ത്രി ഉൾപ്പെടെ ഉള്ള പദവിയിൽ ഇരുന്ന വ്യക്തിയാണ്. പല പിളർപ്പുകളും പാർട്ടി അതിജീവിച്ചപ്പോൾ മാതൃക കാട്ടിയ വ്യക്തിയാണ് ഗൗഡയെന്നും സി കെ നാണു പ്രതികരിച്ചു. പാർട്ടി യോഗം ചേരാതെ ദേവഗൗഡ തീരുമാനം എടുത്തത് ശരിയായ മാർഗമല്ല. ജെഡിഎസ് ജനാധിപത്യ പാർട്ടിയാണെന്നും സി കെ നാണു പ്രതികരിച്ചു.
കേരളത്തിൽ പാർട്ടിക്ക് ഇപ്പോൾ നിസ്സഹായതയാണ്. ഒരു സംസ്ഥാനത്തിൽ മാത്രം ഒരുങ്ങുന്ന തീരുമാനം ഒരു ദേശീയ പാർട്ടിക്ക് എടുക്കാനാവില്ല. ഇപ്പോഴത്തെ കർണ്ണാടക ഘടക തീരുമാനം ശരിയല്ല. സ്ഥാനമാനങ്ങൾക്കായി ജനാധിപത്യ വിരുദ്ധ നിലപാട് സ്വീകരിക്കരുതെന്നും സി കെ നാണു പ്രതികരിച്ചു. സാധാരണ പ്രവർത്തകരെ ഒരുമിച്ച് നിർത്താനാണ് തന്റെ ശ്രമം. ഇത് ഒരു മുതിർന്ന നേതാവ് എന്ന നിലയിൽ തന്റെ ഉത്തരവാദിത്ത്വമാണ്. അതിനാലാണ് യോഗം വിളിച്ചത്.
15 ന്റെ യോഗത്തിലേക്ക് മാത്യു ടി തോമസ്, കൃഷ്ണൻ കുട്ടി എന്നിവരെ വിളിച്ചിട്ടില്ല. അവരുടെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ല. അവരെ ബുദ്ധിമുട്ടിക്കില്ല. യോഗം തനിക്കെതിരെ നടപടിക്ക് വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനാധിപത്യത്തിൽ അച്ചടക്ക ലംഘനം നടത്തേണ്ട ചില അവസരങ്ങൾ ഉണ്ടാകും. താൻ അതാണ് ചെയ്യുന്നത്. ആ ഒരു വിഷമ അവസ്ഥയിലാണ് താനുള്ളത്. ജെഡിഎസിന് എൻഡിഎയിലേക്ക് പോകേണ്ട സാഹചര്യമില്ല.
പാർട്ടിക്ക് ഏറ്റവും ശക്തമായ വേരുള്ള സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ എൻഡിഎയിലേക്ക് പോകരുതായിരുന്നു. പാർട്ടിയിലെ ഒരാൾ ജനാധിപത്യ വിരുദ്ധ നിലപാട് സ്വീകരിച്ചാൽ തനിക്ക് അതിനോട് ചേർന്ന് നിൽക്കാനാവില്ലെന്നും അത് അംഗീകരിക്കാനാവില്ലെന്നും സി കെ നാണു വിശദമാക്കി. ഈ മാസം 15ന് ജെഡിഎസ് ദേശീയ എക്സിക്യുട്ടീവ് വിളിച്ചതിന് പിന്നാലെയാണ് ജെഡിഎസ് ദേശീയ വൈസ് പ്രസിഡന്റ് സി കെ നാണുവിന്റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം