ഒരുപാട് കാലമായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും കിട്ടാതിരുന്ന ആധാര്‍ കാര്‍ഡ്, കേവലം രണ്ടു ദിവസം കൊണ്ട് കിട്ടിയതിന്‍റെ സന്തോഷം
കോട്ടയം: വര്‍ഷങ്ങളായി പല സര്‍ക്കർ ഓഫീസുകളും കയറിയിറങ്ങിയിട്ടും കിട്ടാതിരുന്ന ആധാര്‍ കാര്‍ഡ്, ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് കോട്ടയം കുമരകത്തെ ഭിന്നശേഷിക്കാരി ജോസിമോളും കുടുംബവും. ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാര്‍ത്താ ഇടപെടലിനെ തുടര്‍ന്നാണ് രണ്ട്
ദിവസത്തിനുളളില്‍ ആധാർ കാർഡ് കിട്ടിയത്. പ്രശ്നപരിഹാരത്തിന് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുകയാണ് ഈ കുടുംബം.
ഒത്തിരി സന്തോഷമാണ് ജോസിമോളുടെ വീട്ടിലാകെ. ഒരുപാട് കാലമായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും കിട്ടാതിരുന്ന ആധാര്‍ കാര്‍ഡ്, കേവലം രണ്ടു ദിവസം കൊണ്ട് കിട്ടിയതിന്‍റെ സന്തോഷം. എന്തു ചെയ്യണമെന്നറിയാതെ കണ്ണീരോടെ ഓഫീസുകളില്‍ നിന്ന് ഇറങ്ങിപ്പോന്നിട്ടുണ്ടെന്ന് ജോസി മോളുടെ അമ്മ ലൂസിയും അച്ഛന്‍ ജോസിയും പറഞ്ഞു.
സമാന പ്രശ്നം നേരിടുന്ന ഭിന്നശേഷിക്കാര്‍ക്കെല്ലാം ആധാര്‍ ലഭിക്കാന്‍ ഇടപെടലുണ്ടാകണമെന്ന ആവശ്യവും കുടുംബം മുന്നോട്ടു വയ്ക്കുന്നു. ജോസിമോളുടെ ദുരവസ്ഥയറിഞ്ഞ സക്ഷമ സംഘടനാ ഭാരവാഹികള്‍ ജോസിമോള്‍ക്ക് ടെലിവിഷന്‍ സമ്മാനമായി നല്‍കി. ആധാര്‍ കാര്‍ഡ് കിട്ടുന്നതോടെ കൂടുതല്‍ സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ തേടിയെത്തുമെന്നും അതുവഴി ജീവിതം മെച്ചപ്പെടുമെന്നുമുളള പ്രതീക്ഷയിലാണ് ജോസിമോളും കുടുംബവും.
അപൂര്‍വ രോഗം ബാധിച്ച് കിടപ്പിലായ ജോസിമോള്‍ക്ക് ആധാര്‍ കിട്ടാത്തതു മൂലം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന വാര്‍ത്ത ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഇരുകൈകളിലെയും വിരലുകള്‍ ഭാഗികമാണെന്ന കാരണത്താലാണ് ഇക്കാലമത്രയും ജോസിമോള്‍ക്ക് ആധാര്‍ കിട്ടാതെ പോയത്. ആധാര്‍ കിട്ടാത്തതിനെ തുടര്‍ന്ന് ജോസിമോളും കുടുംബവും നേരിടുന്ന പ്രശ്നം ഏഷ്യാനെറ്റ് ന്യൂസിലൂടെ ശ്രദ്ധയില്‍പ്പെട്ടതോടെ കേന്ദ്ര ഐടി മന്ത്രാലയം പ്രശ്നത്തില്‍ ഇടപെട്ടു.
കോട്ടയം ജില്ലാ കലക്ടര്‍ വി വിഗ്നേശ്വരിയുടെ ഇടപെടലും ഉണ്ടായി. ഇതോടെയാണ് ഐടി മിഷന്‍ ജില്ലാ അധികൃതര്‍ കഴിഞ്ഞ ദിവസം വീണ്ടും കുമരകത്തെ ജോസിമോളുടെ വീട്ടിലെത്തി ആധാര്‍ എന്‍റോള്‍മെന്‍റ് നടത്തിയത്. ഇത്തരം സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഭാവിയില്‍ ഭിന്നശേഷിക്കാര്‍ക്കാര്‍ക്ക് ആധാര്‍ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ഭിന്നശേഷി കമ്മീഷന്‍ ഇടപെട്ടു.

