കറ്റാനം: മാധ്യമ പ്രവർത്തകനെ രണ്ടംഗ സംഘം വീട് കയറി ആക്രമിച്ചതായി പരാതി. മാധ്യമം മാവേലിക്കര ലേഖകനും കറ്റാനം മീഡിയ സെന്റർ സെക്രട്ടറിയുമായ സുധീർ കട്ടച്ചിറക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ ഇദ്ദേഹത്തെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ ആയിരുന്നു സംഭവം. 

ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നെന്നും വീട്ടിൽ നിന്നും വിളിച്ചിറക്കി കമ്പിവടികൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തിയെന്നും പരിക്കേറ്റ സുധീർ പൊലീസിനു മൊഴി നൽകി. വള്ളികുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കറ്റാനം മീഡിയ സെന്റർ പ്രതിഷേധിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മീഡിയ സെൻറർ പ്രസിഡൻറ് അജികുമാർ ആവശ്യപ്പെട്ടു.