ആലപ്പുഴ: വിശപ്പുമാറ്റാന്‍ മറ്റു വഴിയില്ലാതെ തമ്പുകളിലൂടെ കാണികളെ വിസ്മയിപ്പിച്ച അഭ്യാസികള്‍ പുറംജോലി തേടിയിറങ്ങി. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കായംകുളം പട്ടണത്തില്‍ ഒറ്റപ്പെട്ടുപോയ ജംബോ സര്‍ക്കസിലെ കലാകാരന്മാരാണ് വരുമാനമില്ലാതായതോടെ പ്രതിസന്ധിയിലായത്.

സര്‍ക്കസ് അഭ്യാസികളായ തലശ്ശേരി സ്വദേശികളായ വിക്രമും ജനാര്‍ദനനും ബിഹാര്‍ സ്വദേശി കിന്റുവും കൊറ്റുകുളങ്ങരയിലെ കടയില്‍ താത്കാലിക ജോലി ചെയ്യുകയാണിപ്പോള്‍. ആകെ അമ്പതോളം പേരാണ് കൂടാരത്തിലുള്ളത്. ദേശീയപാതയോരത്ത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്ത് ഗോകുലം ഗ്രൗണ്ടില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് സര്‍ക്കസ് ആരംഭിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി വന്ന ലോക്ക് ഡൗണില്‍ സര്‍ക്കസ് കൂടാരവും അടച്ചിട്ടു. തുടര്‍ന്ന് ഗ്രൗണ്ടിലെ ടെന്റുകളില്‍ത്തന്നെ താമസമാക്കി.

ഇളവുകളുടെ സമയത്ത് ഇതിനിടയില്‍ പകുതിയോളംപേര്‍ വീട്ടിലേയ്‌ക്ക് തിരിച്ചുപോയി. ആഫ്രിക്കക്കാരായ അഞ്ചുപേരടക്കം അറുപതോളം പേരാണ് നാട്ടിലേക്ക് മടങ്ങിയത്. പോകാന്‍ കഴിയാത്തവരാണ് ഇപ്പോള്‍ ക്യാംപിലുള്ളത്. മഴയില്‍ മൈതാനത്ത് വെള്ളംകെട്ടിയതോടെ ജീവിതം ദുസ്സഹവുമായി. ഇവിടെയുള്ള മൂന്നുപേരൊഴികെ ബാക്കിയുള്ളവരെല്ലാം മറുനാട്ടുകാരാണ്. തമ്പുകള്‍ സജീവമാകുന്നതുവരെ പിടിച്ചുനില്‍ക്കാനാണ് ജോലി തേടിയിറങ്ങിയതെന്ന് ഇവര്‍ പറയുന്നു. 

കായംകുളം പട്ടണം ഒരുമാസം അടച്ചിട്ടത് തൊഴില്‍ സാധ്യതകളെയും ബാധിച്ചു. കലാകാരന്‍മാര്‍ക്ക് പുറമേ കുതിര, ഒട്ടകം, നായ, പക്ഷികള്‍ തുടങ്ങിയവയെയും തീറ്റിപ്പോറ്റണം. സന്നദ്ധ സംഘടനകളുടേയും സുമനസുകളുടേയും സഹായവും സര്‍ക്കാരിന്റെ സൗജന്യ റേഷനും ഉപയോഗിച്ചാണ് ഇവരിപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്.

ഇലക്ട്രിക് പോസ്റ്റിൽ കയറി കാപ്പ കേസ് പ്രതിയുടെ ആത്മഹത്യാ ഭീഷണി; സ്ഥലത്തെത്തിയ പൊലീസിന് അമ്മയുടെ കല്ലേറ്, കേസ്