നടപടി ക്രമങ്ങൾ ഉടൻ പൂർത്തിയാക്കി സർവിസ് ആരംഭിക്കാനാകും. എയർ ഇന്ത്യക്ക് വേണ്ടത്ര വിമാനങ്ങളില്ലാത്തതാണ് തടസമാവുന്നത്. എയർ ഇന്ത്യയുടെ എംഡിയുൾപ്പെടെയുള്ളവരെ എംപിമാരുടെ സംഘം കണ്ടിരുന്നു. ഇത് ഉടൻ പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.
കോഴിക്കോട്: കരിപ്പൂരിൽ നിന്നു സൗദി എയർലൈൻസിനു പിന്നാലെ കൂടുതൽ വലിയ വിമാനങ്ങളുടെ സർവീസ് വൈകാതെ ആരംഭിക്കാനാവുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. എയർ ഇന്ത്യ, എമിറേറ്റ്സ്, ഫ്ളൈ ദുബായ് ഉൾപ്പെടെയുള്ള വിമാന കമ്പനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നടപടി ക്രമങ്ങൾ ഉടൻ പൂർത്തിയാക്കി സർവിസ് ആരംഭിക്കാനാകും. എയർ ഇന്ത്യക്ക് വേണ്ടത്ര വിമാനങ്ങളില്ലാത്തതാണ് തടസമാവുന്നത്. എയർ ഇന്ത്യയുടെ എംഡിയുൾപ്പെടെയുള്ളവരെ എംപിമാരുടെ സംഘം കണ്ടിരുന്നു. ഇത് ഉടൻ പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.
കരിപ്പൂർ എയർപോർട്ടിൽ നിന്നു വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി ചേർന്ന എയർപോർട്ട് ഉപദേശക സമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂരിന് ഇനി നല്ല കാലമാണ് വരുന്നത്. ഹജ്ജ് എം ബാർക്കേഷൻ പോയിന്‍റ് കരിപ്പൂരിൽ പുനരാംരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൊച്ചിയിലെ എം ബാർക്കേഷൻ പോയിന്‍റും കണ്ണൂർ വിമാനത്താവളവും കരിപ്പൂരിനെ ബാധിക്കില്ല. 80 ശതമാനം ഹാജിമാരും കരിപ്പൂരിനെ ആശ്രയിക്കുന്നവരാണ്. 85 കോടി രൂപ ചിലവിൽ നിർമ്മിച്ച പുതിയ അന്താരാഷ്ട്ര ടെർമിനലിന്‍റെ നിർമാണം അവസാന ഘട്ടത്തിലാണ്. ജനുവരി ആദ്യവാരം ടെർമിനൽ തുറന്നു കൊടുക്കാനും യോഗത്തിൽ തീരുമാനിച്ചു.
ഡിസംബർ അഞ്ച് മുതലാണ് കരിപ്പൂരിൽ നിന്നുള്ള സൗദി എയർലൈൻസിന്‍റെ വലിയ വിമാനം സർവിസ് പുനരാരംഭിക്കുന്നത്. രാവിലെ 11 മണിക്ക് കരിപ്പൂരിലെത്തുന്ന വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കും. വിമാനത്താവളത്തിലെ വിവിധ വികസന, സൗന്ദര്യവത്ക്കരണ പദ്ധതികൾക്കും യോഗം രൂപം നൽകി. വിമാനത്താവളത്തിന്‍റെ മുൻഭാഗത്ത് 15.25 ഏക്കർ ഭൂമി ഏറ്റെടുത്ത് പാർക്കിങ് സൗകര്യം വികസിപ്പിക്കാനും മേലങ്ങാടി റോഡിനെ ബന്ധിപ്പിച്ച് പുതിയ റോഡ് നിർമ്മിക്കാനും പദ്ധതി ആ വിഷ്കരിച്ചു. കൂടാതെ റൺവേക്ക് സമീപം 137 ഏക്കർ ഏറ്റെടുത്ത് പുതിയ ടെർമിനൽ ഉൾപ്പെടെയുള്ള വികസന പ്രവർത്തി നടത്താനും തീരുമാനിച്ചു. .
ടെർമിനലിനകത്തും പുറത്തും യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തും. യാത്രക്കാരുടെ പ്രയാസം പരിഹരിക്കുന്നതിനായി കൂടുതൽ ജീവനക്കാരെ നിയമിച്ച് കസ്റ്റംസിന്‍റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ യോഗം നിർദ്ദേശിച്ചു. വലിയ വിമാനങ്ങളുടെ സർവീസ് പുനരാംരംഭിക്കുന്നതോടെ കരിപ്പൂരിന് നഷ്ടമായ കാറ്റഗറി ഒമ്പത് പദവി കരിപ്പൂരിന് തിരിച്ച് കിട്ടിയതായും യോഗത്തിൽ അറിയിച്ചു.
ആറ് കോടി രൂപ എയർപോർട്ട് സിഎസ്‌ആർ ഫണ്ട് ചെലവഴിച്ച് ചീക്കോട് കുടിവെള്ള പദ്ധതിയിൽ നിന്നു വിമാനത്താവളത്തിലേക്കു കുടി വെള്ളമെത്തിക്കുന്ന പദ്ധതിയിൽ ബാക്കി വരുന്ന തുക ഉപയോഗിച്ച് കൊണ്ടോട്ടി നഗരസഭയും പുളിക്കൽ പഞ്ചായത്തും ആവശ്യപ്പെട്ട ഭാഗങ്ങളിൽ കുടിവെള്ളം എത്തിച്ച് പ്രശ്നം പരിഹരിക്കും.
വിമാനത്താവള കവാടത്തിനു സമീപം സ്വകാര്യ സ്ഥലത്ത് നഗരസഭയുടെ നേതൃത്വത്തിൽ പാർക്കിങ് സൗകര്യമൊരുക്കുന്നതിന് ധാരണയായി. മുൻ വശത്ത് പുതുതായി ഏറ്റെടുക്കുന്നതോടൊപ്പം പ്രസ്തുത സ്ഥലത്ത് പൊലീസ് സ്‌റ്റേഷൻ സ്ഥാപിക്കാനും ധാരണയായി. യോഗത്തിൽ എയർപോർട്ട് ഉപദേശക സമിതി ചെയർമാൻ പി.കെ. കുഞ്ഞാലിക്കുട്ടി എംപി അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എംപി, പി.വി. അബ്ദുൽ വഹാബ് എംപി, കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ കെ.സി. ഷീബ, ജില്ലാ കലക്റ്റർ അമിത് മീണ, എയർ പോർട്ട് ഡയറക്റ്റർ കെ. ശ്രീനിവാസ റാവു, മുൻ എംഎൽഎ കെ. മുഹമ്മദുണ്ണി ഹാജി, ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ, വിമാനത്താവള ഉപദേശക സമിതി അംഗങ്ങൾ, വിമാനത്താവള, വിമാന കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
