കാപ്പ ശിക്ഷ കഴിഞ്ഞ് ഇറങ്ങി മൂന്നുമാസം മാത്രം തികയുമ്പോഴാണ് സുഹൈലിന്‍റെ അതിക്രമം. ചൊവ്വാഴ്ച രാത്രി മൂന്നുപേരെ മർദ്ദിക്കുകയും ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിൽ പൊലീസ് അന്വേഷിച്ചെത്തുന്നതിനിടെയാണ് മുങ്ങിയത്.

തിരുവനന്തപുരം: ഊബർ ടാക്‌‌സി വിളിച്ച ശേഷം ഡ്രൈവറെ ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത കേസിൽ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ പെരുമാതുറ സ്വദേശി സുഹൈലിനെ (32) കഠിനംകുളം പൊലീസ് പിടികൂടി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വെഞ്ഞാറമൂട്ടിലേക്ക് പോകുന്നതിനായി ഊബർ ടാക്സി വിളിച്ച് പുതുക്കുറിച്ചി എൽ.പി സ്കൂൾ ജംഗ്ഷനിൽ നിന്ന് കയറിയ സുഹൈൽ, പെരുമാതുറയിലെത്തിയപ്പോൾ സുഹൃത്തുക്കൾ വരാനുണ്ടെന്ന് പറഞ്ഞ് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് ഡ്രൈവർ സജിമോനെ (48) ബലമായി തള്ളിമാറ്റി കാറുമായി രക്ഷപ്പെടുകയായിരുന്നു.

കാപ്പ ശിക്ഷ കഴിഞ്ഞ് ഇറങ്ങി മൂന്നുമാസം മാത്രം തികയുമ്പോഴാണ് സുഹൈലിന്‍റെ അതിക്രമം. ചൊവ്വാഴ്ച രാത്രി മൂന്നുപേരെ മർദ്ദിക്കുകയും ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിൽ പൊലീസ് അന്വേഷിച്ചെത്തുന്നതിനിടെയാണ് മുങ്ങിയത്. പൊലീസ് തലസ്ഥാനത്ത് അരിച്ചുപെറുക്കുന്നതിനിടെ പെരുമാതുറ ഭാഗത്ത് വീടിന്‍റെ മുകളിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. പൊലീസ് വളഞ്ഞതോടെ മുകളിൽ നിന്ന് ചാടിയോടിയ ഇയാളെ സാഹസികമായി പിന്തുടർന്നാണ് പെരുമാതുറ ബീച്ച് ഭാഗത്തുനിന്ന് പിടികൂടിയത്.

തട്ടിയെടുത്ത കാർ നേരത്തെ വലിയതുറ ഭാഗത്തുനിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് കഴുത്തിന് പരിക്കേറ്റ പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഠിനംകുളം സബ് ഇൻസ്പെക്ടർ അനൂപ് എം.എല്ലിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.