Asianet News MalayalamAsianet News Malayalam

കൊല്ലപ്പെടുമ്പോള്‍ അനിത ഗര്‍ഭിണി, കൊലപാതകം മറ്റൊരു കാമുകിക്കൊപ്പം ജീവിക്കാന്‍; ഒടുവില്‍ പ്രതീഷ് കുടുങ്ങി

കൊല്ലപ്പെട്ട അനിത, കാമുകനായ പ്രതീഷില്‍ നിന്ന് ആറുമാസം ഗര്‍ഭിണിയായിരുന്നെന്നും ഇവരെ ഒഴിവാക്കാനാണ് മറ്റൊരു കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.
 

Kainakari Murder: Victim Anitha was 6 month pregnant, Police says
Author
Alappuzha, First Published Jul 13, 2021, 3:48 PM IST

ആലപ്പുഴ: കൈനകരിയില്‍ യുവതിയെ കാമുകനും കാമുകിയും കൊലപ്പെടുത്തിയതില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. കൊല്ലപ്പെട്ട അനിത, കാമുകനായ പ്രതീഷില്‍ നിന്ന് ആറുമാസം ഗര്‍ഭിണിയായിരുന്നെന്നും ഇവരെ ഒഴിവാക്കാനാണ് മറ്റൊരു കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. പള്ളാത്തുരുത്തിയില്‍ വെച്ചാണ് മലപ്പുറം സ്വദേശിയായ പ്രതീഷ്  തന്റെ മറ്റൊരു കാമുകിയായ  കൈനകരി സ്വദേശിനി രജനിയുടെ  സഹായത്തോടെ അനിതയെ കൊലപ്പെടുത്തി ആറ്റില്‍ തള്ളിയത്.  

രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനായ പ്രതീഷിനൊപ്പം അനിത നാടു വിട്ടിരുന്നു. കായംകുളത്തെ അഗ്രികള്‍ച്ചര്‍ ഫാമില്‍ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി ബന്ധം വളര്‍ന്നപ്പോള്‍ കുടുംബം ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു. കോഴിക്കോടും തൃശൂരും പാലക്കാടും ജില്ലകളിലായി ഇരുവരും താമസിച്ചു. ആലത്തൂരിലുള്ള ഒരു അഗ്രികള്‍ച്ചര്‍ ഫാമിലാണ് അനിത അവസാനമായി ജോലി ചെയ്തിരുന്നത്. ഇതിനിടെ ഗര്‍ഭിണിയായി. ഈ കാലയളവില്‍ പ്രതീഷ് ഒരു സുഹൃത്ത് വഴി കൈനകരിക്കാരിയായ രജനിയെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. രജനി നേരത്തെ തന്നെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. രജനിയുമായി ഒന്നിച്ചു കഴിയുന്നതിനിടെ പ്രതീഷ് ഗര്‍ഭിണിയായ അനിതയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. 

ഇതിന്റെ ഭാഗമായി ആലത്തൂരില്‍ നിന്നും രജനിയുടെ കൈനകരിയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് ഇരുവരും അനിതയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം സംഭവിക്കുമ്പോള്‍ അനിത ആറുമാസം ഗര്‍ഭിണിയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് മൃതദേഹം ആറ്റിലേക്ക് തള്ളി. വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെ പ്രദേശവാസികളാണ് പള്ളാത്തുരുത്തി അരയന്‍തോടു പാലത്തിനു സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.

മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഞായറാഴ്ച അനിതയുടെ സഹോദരനെത്തിയാണു തിരിച്ചറിഞ്ഞത്. ഇന്നലെ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരം അനുസരിച്ച് കൊലപാതകമെന്നു സ്ഥിരീകരിച്ചതോടെയാണ് ഇന്ന് പ്രതികളെ പൊലീസ് പിടികൂടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios