ആലപ്പുഴ: പാടശേഖരങ്ങളിൽ ശക്തമായ പുറംബണ്ട് നിർമ്മാണം തുടങ്ങാതെ ദുരിതാശ്വാസ ക്യാമ്പ് വിട്ട് പോകില്ലെന്ന് കുട്ടനാട് കൈനകരി നിവാസികൾ. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കളക്ട്രേറ്റ് പടിക്കൽ കുടിൽകെട്ടി താമസിക്കാനാണ് ഇവരുടെ തീരുമാനം. മടവീഴ്ചയെ തുടർന്ന് എല്ലാ കൊല്ലവും ക്യാമ്പുകളിൽ കഴിഞ്ഞുകൂടേണ്ട ഗതികേടിലാണ് കൈനകരി നിവാസികൾ.

കൈനകരിയിലെ വലിയതുരുത്ത് പാടശേഖരത്തിൽ മടവീഴ്ച ഉണ്ടായതോടെ, എല്ലാം ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയവരാണ് ഭൂരിഭാ​ഗം പേരും. 250ലധികം കുടുബങ്ങളാണ് ആലപ്പുഴ നഗരത്തിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. 

മടവീണ പാടങ്ങളിൽ മണൽചാക്കുകൾ നിറച്ചുള്ള താൽകാലിക ബണ്ട് നിർമ്മിക്കുന്നുണ്ട്. ശക്തമായ കൽക്കെട്ടോട് കൂടിയ പുറംബണ്ട് നിർമ്മിച്ച് പാടശേഖരങ്ങൾ സംരക്ഷിക്കുമെന്ന് കഴി‌‌‌‌ഞ്ഞ വർഷം ജില്ലാഭരണകൂടം ഉറപ്പ് നൽകിയിരുന്നു. അഞ്ചരക്കോടി രൂപയും അനുവദിച്ചു. വെള്ളം ഇറങ്ങിയാൽ പുറംബണ്ട് നിർമ്മാണം തുടങ്ങുമെന്നാണ് ജലസേചന വകുപ്പിന്‍റെ വിശദീകരണം.