കൊച്ചി: കാലടിയിൽ നിർത്തിയിട്ട ബസുകൾക്ക് നേരെ ആക്രമണം. രണ്ട്  ബസ്സുകളുടെ ചില്ലുകൾ തകർക്കുകയും പണം മോഷ്ടിക്കുകയും ചെയ്തു. ഇന്നലെ രാത്രി 11:30ക്കാണ് സംഭവം.

ഇന്നലെ വൈകീട്ട് ഓട്ടം പൂർത്തിയാക്കി ശേഷം കാലടി ടൗണിലെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസുകൾക്ക്  നേരെയായിരുന്നു ആക്രമണം. മേക്കാലടി പുളിക്കൽ വീട്ടിൽ പി ബി സുനീറിന്‍റെ വിനായക, ശ്രേയസ് ബസുകളാണ് അക്രമികൾ തകർത്തത്.

രണ്ട്  പേർ കല്ലും, കമ്പിയും ഉപയോഗിച്ച്  ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പമ്പിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബസിൽ ഉണ്ടായിരുന്ന 6000 രൂപയും അക്രമികൾ കവർന്നു. ദിവസക്കൾക്ക് മുമ്പ് ബസ്സിന്‍റെ ടാങ്കിൽ സാമൂഹ്യ വിരുദ്ധർ മണ്ണ് വാരിയിടുകയും ചെയ്തിരുന്നു. കാലടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.