Asianet News MalayalamAsianet News Malayalam

കരിയില കൂനയില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവം; കുറ്റപത്രം സമർപ്പിക്കാത്തതിനാല്‍ അമ്മയ്ക്ക് ജാമ്യം ലഭിച്ചു

 ഈ മാസം തന്നെ കേസിലെ കുറ്റപത്രം പരവൂര്‍ കോടതിയില്‍ സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കേസിലെ പ്രധാന തെളിവുകളായ ഫേസ്ബുക്കിന്‍റെ അമേരിക്കയിലെ സെർവറിൽ നിന്നുള്ള വിവരങ്ങള്‍ ലഭിക്കാത്തതിനാലാണ് കുറ്റപത്രം വൈകുന്നത്

kalluvathukal new born baby death case bail for reshma
Author
Kollam, First Published Oct 5, 2021, 11:58 AM IST

കൊല്ലം: കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലകൂനയില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശു (Newborn Baby) മരണപ്പെട്ട കേസില്‍ പ്രതിയായ അമ്മ രേഷ്മയ്ക്ക് (Reshma) ജാമ്യം ലഭിച്ചു. അറസ്റ്റിലായി 90 ദിവസത്തിന് ശേഷവും പൊലീസ് (police) കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ഊഴായിക്കോട് പേഴുവിള വീട്ടിൽ രേഷ്മയ്ക്ക് (22) സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു. രേഷ്മയുടെ ഭര്‍ത്താവായ വിഷ്ണുവാണ് ജാമ്യത്തിലിറക്കിയിരിക്കുന്നത്.  പാരിപ്പള്ളി പൊലീസ് സ്‌റ്റേഷൻ പരിധി വിട്ടുപോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു രേഷ്മ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്. അതേസമയം, ഈ മാസം തന്നെ കേസിലെ കുറ്റപത്രം പരവൂര്‍ കോടതിയില്‍ സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കേസിലെ പ്രധാന തെളിവുകളായ ഫേസ്ബുക്കിന്‍റെ അമേരിക്കയിലെ സെർവറിൽ നിന്നുള്ള വിവരങ്ങള്‍ ലഭിക്കാത്തതിനാലാണ് കുറ്റപത്രം വൈകുന്നത്.

കഴിഞ്ഞ  ജനുവരി അഞ്ചിനാണ് വീട്ടിലെ കുളിമുറിക്ക് പിന്നിലെ റബർ തോട്ടത്തിൽ കരിയിലകൂനയില്‍ നിന്ന് നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്. അന്ന് വൈകുന്നേരത്തോടെ തന്നെ കുഞ്ഞ് മരിച്ചിരുന്നു. പിന്നീട് കേസിനുണ്ടായ വഴിത്തിരിവ് കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു. കാമുകനൊപ്പം ജീവിക്കണമെന്ന ലക്ഷ്യത്തോടെ രഹസ്യമായി പ്രസവിച്ചു കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്നായിരുന്നു രേഷ്മയുടെ മൊഴി.

എന്നാല്‍, രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും വ്യാജ അക്കൗണ്ട് ഉണ്ടാക്കി കാമുകനെന്ന പേരില്‍ രേഷ്മയെ കബളിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. അനന്തു എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു യുവതികളുടെ ചാറ്റിങ്ങ്. കേസില്‍ അകപ്പെടും എന്ന് വ്യക്തമായതോടെ ആര്യയെയും ഗ്രീഷ്മയെയും ഇത്തിക്കരയാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

Follow Us:
Download App:
  • android
  • ios