Asianet News MalayalamAsianet News Malayalam

പഴശ്ശിയുടെ പാര്‍ക്കിന് പുതുമോടി; കബനി തീരത്തെ പാര്‍ക്കില്‍ ഇനി വിനോദ സഞ്ചാരികളെത്തും

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി)ന് നല്ല വരുമാനവും പാര്‍ക്കില്‍ നിന്ന് ലഭിച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്നതോടെ പാര്‍ക്കിന്റെ മോടി കുറഞ്ഞു വന്നു. അറ്റകുറ്റപണിയില്ലാത്തതും പുതിയ പദ്ധതികളൊന്നും നടപ്പാക്കാത്തതുമായിരുന്നു കാരണം

kalpetta pazhassi park renovation
Author
Kalpetta, First Published Dec 15, 2018, 6:31 AM IST

കല്‍പ്പറ്റ: വര്‍ഷങ്ങള്‍ക്കുശേഷം മാനന്തവാടിയിലെ പഴശ്ശി പാര്‍ക്ക് വീണ്ടും വിനോദസഞ്ചാരികള്‍ക്കായി തുറക്കുന്നു. പാര്‍ക്കിലെ നവീകരണപ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. ഇവിടേക്കുള്ള നടപ്പാത ഇന്‍റര്‍ലോക്ക് ചെയ്ത് നവീകരിച്ചു. 1994ലാണ് കബനി പുഴയോരത്ത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രകൃതിരമണീയമായ പാര്‍ക്ക് നിര്‍മിച്ചത്. കുട്ടികളുടെ പാര്‍ക്ക്, ബോട്ടിങ്, കൃത്രിമ വെള്ളച്ചാട്ടം, ഇരിപ്പിടങ്ങള്‍ എന്നിവയെല്ലാം സജ്ജീകരിച്ചിരുന്നു. നിരവധി പേര്‍ പാര്‍ക്ക് സന്ദര്‍ശിക്കാനായി എത്തി. അവധി ദിവസങ്ങളിലാണെങ്കില്‍ ആയിരത്തിലധികം പേര്‍ ഇവിടെയത്തിയിരുന്നു.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി)ന് നല്ല വരുമാനവും പാര്‍ക്കില്‍ നിന്ന് ലഭിച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്നതോടെ പാര്‍ക്കിന്റെ മോടി കുറഞ്ഞു വന്നു. അറ്റകുറ്റപണിയില്ലാത്തതും പുതിയ പദ്ധതികളൊന്നും നടപ്പാക്കാത്തതുമായിരുന്നു കാരണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളടക്കം സര്‍ക്കാര്‍ തലത്തില്‍ നിരവധി പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും നടപ്പാക്കാത്തതിനാല്‍ പാര്‍ക്കിനെ തീര്‍ത്തും ജനം കൈയൊഴിയുകയായിരുന്നു. മികച്ച വരുമാനം നേടി തന്നിട്ടും പാര്‍ക്കിനെ അധികൃതര്‍ അവഗണിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് ഇപ്പോള്‍ നവീകരണ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാന ടൂറിസം വകുപ്പിന്റ 50 ലക്ഷം രൂപയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ 36 ലക്ഷം രൂപയും ഉപയോഗിച്ചാണ് പാര്‍ക്ക് നവീകരിക്കുന്നത്. ഇതിനുപുറമേ പ്രളയത്തിനിടെ ഉണ്ടായ നഷ്ടം തീര്‍ക്കാന്‍ ലഭിച്ച തുകയും ഉപയോഗപ്പെടുത്തുന്നുണ്ട്. ടൈല്‍ പാകല്‍, ഇന്‍റര്‍ലോക്ക്, കുട്ടികളുടെ പാര്‍ക്ക്, കൈവരികള്‍, ഇരിപ്പിടങ്ങള്‍, ഓഫീസ് ബ്‌ളോക്ക്, കഫ്റ്റീരിയ, വികലാംഗര്‍ക്കായുള്ള പ്രത്യേക ടോയ്‌ലറ്റ്, മുള ഉപയോഗിച്ചുള്ള ബോട്ട് ജെട്ടി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

പെഡല്‍, തുഴച്ചില്‍ ബോട്ടുകളാണ് വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ബോട്ടിങ്ങിന് തടസ്സമാവും. രണ്ടാംഘട്ട നവീകരണ പ്രവൃത്തികള്‍ക്കായി രണ്ട് കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പാത്ത് വെ, പാര്‍ക്ക് മുഴുവന്‍ വൈദ്യുതീകരണം എന്നിവയാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തുക. വൈദ്യുതീകരണം പൂര്‍ത്തിയാകുന്നതോടെ പാര്‍ക്കിന്റെ പ്രവര്‍ത്തനസമയം രാത്രി ഒമ്പതുവരെ ദീര്‍ഘിപ്പിക്കും.

Follow Us:
Download App:
  • android
  • ios