ഏറെക്കാലമായി അടഞ്ഞു കിടന്ന പാര്‍ക്കില്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു കോടിയിലധികം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നത്.
കല്‍പ്പറ്റ: വീരപഴശ്ശിയുടെ ഓര്‍മ്മകളുറങ്ങുന്ന മാനന്തവാടി നഗരത്തിലെ 'പഴശ്ശി പാര്‍ക്ക്' പുതുമോടിയില്‍ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങുകയാണ്. വിനോദ സഞ്ചാര മേഖലയില്‍ കൊവിഡ് സൃഷ്ടിച്ച ആശങ്കകള്‍ പതുക്കയെങ്കിലും അവസാനിച്ചു തുടങ്ങുമ്പോള്‍ വയനാട്ടിലേക്കെത്തുന്ന യാത്രികരില്‍ നല്ലൊരു പങ്കും പഴശ്ശിരാജയുടെ സ്മൃതികൂടീരത്തിലെത്തും. ഒപ്പം അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന പാര്‍ക്കിലുമെത്തുന്നു. മരങ്ങളും മുളങ്കാടും തണല്‍വിരിക്കുന്ന പാര്‍ക്കിലെ നടപ്പാതകളിലൂടെ നടന്നാല്‍ കബനിയിലെത്താം. ഇവിടുത്തെ തണുപ്പിലലിഞ്ഞുള്ള ബോട്ട് യാത്രയാണ് സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണം.
ജില്ലയിലെ ആദ്യ ഉദ്യാനമായ പാര്‍ക്ക് പുതു മോടിയോടെ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. ഏറെക്കാലമായി അടഞ്ഞു കിടന്ന പാര്‍ക്കില്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു കോടിയിലധികം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നത്. ഒ.ആര്.കേളു എം.എല്‍.എ ഫണ്ടായി 25 ലക്ഷം രൂപയും പാര്‍ക്കില്‍ ചെലവഴിച്ചു. കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് നവീകരണം നടക്കുന്നത്. കുട്ടികള്‍ക്കായുള്ള അമ്യൂസ്മെന്റ് പാര്‍ക്കും ബോട്ടിങ്ങുമെല്ലാം ഏവരെയും ആകര്‍ഷിക്കുന്ന വിധത്തില്‍ നവീകരിച്ചിട്ടുണ്ട്.
കബനി നദിയുടെ തീരത്ത് 1994 ലാണ് പഴശ്ശി പാര്‍ക്ക് ആരംഭിച്ചത്. 1982 ല്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ നഴ്സറിയായിരുന്ന അഞ്ചേക്കറോളം വിസ്തൃതിയുള്ള പാര്‍ക്ക് 1994 മുതലാണ് ജില്ലാ ടൂറിസം വകുപ്പ് എറ്റെടുത്തത്. മാനന്തവാടി-കല്‍പ്പറ്റ പ്രധാന പാതയോരത്തുള്ള പാര്‍ക്ക് അക്കാലം മുതലെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. കാലത്തിനനുസരിച്ചല്ലാത്ത വികസന പ്രവൃത്തികള്‍ പലവട്ടം പാര്‍ക്കില്‍ നടന്നിരുന്നുവെങ്കിലും ആകര്‍ഷണീയമല്ലായിരുന്നു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സായാഹ്നം ചെലവിടാനും വിശ്രമിക്കാനും മാനന്താവടിയിലെ ഏക പാര്‍ക്കാണിത്. ഈ പാര്‍ക്കിന്റെ നവീകരണം പ്രദേശവാസികളുടെയും ഏറെക്കാലത്തെ സ്വപ്നമായിരുന്നു. അഞ്ച് കിയോസ്ക്കുകള്‍, നടപ്പാത, ബോട്ട് ജെട്ടികള്‍, കെട്ടിടങ്ങള്‍, ഗേറ്റ്, ലാന്‍ഡ്സ്കേപ്പ്, ലൈറ്റിംഗ് ജലധാര , കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഇരിപ്പിടങ്ങള്‍ തുടങ്ങിയവയാണ് സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് ആലോചന.
സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കാനും മറ്റുമായി ഓപ്പണ്‍ സ്റ്റേജും ഒരുക്കുന്നുണ്ട്. കബനിയിലൂടെയുള്ള ബോട്ടുയാത്രക്ക് മികച്ച പ്രതികരണമാണ് സഞ്ചാരികളില്‍ നിന്നും ലഭിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. അതിനാല്‍ തന്നെ കൂടുതല്‍ പെഡല്‍ ബോട്ടുകളും മറ്റ്ബോട്ടുകളും എത്തിക്കാനാണ് തീരുമാനം. രണ്ട് സീറ്റുള്ള ബോട്ടിന് 200 രൂപയും നാല് സീറ്റുള്ള ബോട്ടിന് 350 രൂപയുമാണ് നല്‍കേണ്ടത്.
മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് പത്ത് രൂപയുമാണ് പാര്‍ക്കിലേക്കുള്ള പ്രവേശന ഫീസ്. നിലവില്‍ ഒരു മാനേജര്‍, റിസപ്ഷനിസ്റ്റ്, വാച്ച്മാന്, അറ്റന്‍ഡര്‍, സ്വീപ്പര്‍ എന്നിങ്ങനെ അഞ്ച് ജീവനക്കാരുണ്ട്. പത്ത് ഹൈമാസ് ലൈറ്റുകള്‍, 96 സ്ട്രീറ്റ് ലൈറ്റുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
വെള്ളച്ചാട്ടം, കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കുകള്‍ എന്നിവയുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. സംസ്ഥാന ഹൈവേ കടന്നു പോകുന്നതിനാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി രണ്ട് യൂണിറ്റ് ചാര്‍ജ്ജിംഗ് സ്റ്റേഷനും സജ്ജീകരിക്കുന്നുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പാര്‍ക്കിന്റെ പ്രവര്‍ത്തനം.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 18, 2021, 10:13 AM IST
Post your Comments