കോഴിക്കോട്:  ക്‌ളീന്‍ ബീച്ച് മിഷന്‍റെ ഭാഗമായി  വെള്ളയിലിനു സമീപമുള്ള കാമ്പുറം കോനാട്  ബീച്ച് പരിസര ശുചീകരണം ആരംഭിച്ചു. കോനാട്ട് ബീച്ചിലെയും റോഡരികിലെയും കുറ്റിക്കാട്, പുല്ല് വെട്ടൽ യന്ത്രത്തിന്‍റെ സഹായത്തോടെ വെട്ടി മാറ്റുകയും ബീച്ചിലെ 215 ചാക്ക് അജൈവ മാലിന്യങ്ങൾ  ശുചീകരണത്തിലൂടെ നീക്കുകയും ചെയ്തു. 

ജില്ലാ ഭരണകൂടത്തിന്‍റെയും കോഴിക്കോട് കോർപ്പറേഷന്‍റെയും നേതൃത്വത്തില്‍  നടന്ന ശുചീകരണ പ്രവര്‍ത്തികള്‍ വരും ദിവസങ്ങളിലും തുടരും. ജില്ലാ കലക്ടർ സാംബശിവറാവു, കോർപ്പറേഷൻ കൗൺസിലർ അയിഷ ബി തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.

 വിവിധ കോളേജുകളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ, ഭാരത് എഡ്വുക്കേഷൻ ഫൗണ്ടേഷൻ, കാലിക്കറ്റ് വൊളണ്ടിയർ കൂട്ടായ്മ, കോസ്റ്റൽ എക്സ് സർവീസ് മെൻ സൊസൈറ്റി, വിഷൻ കോഴിക്കോട് ടീം, കോർപ്പറേഷൻ ശുചീകരണത്തൊഴിലാളികൾ ,  വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരടക്കം 350 ലേറെ ആളുകൾ ശുചീകരണ ദൗത്യത്തിൽ പങ്കുചേർന്നു. 

രാവിലെ 7.30 ന്  മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിന് മുൻഭാഗത്ത് നിന്ന് ആരംഭിച്ച ശുചീകരണം ഉച്ച വരെ തുടർന്നു. ഹരിത കേരളം മിഷൻ കോർഡിനേറ്റർ പി.പ്രകാശ്,  എനർജി മാനേജ്മെന്‍റ് സെന്‍റർ ജില്ലാ കോർഡിനേറ്റർ ഡോ.എൻ.സിജേഷ്, കോർപ്പറേഷൻ ഹെൽത്ത്‌ ഇൻസ്‌പെക്ടർ വൽസൻ, ജെ.എച്ച്.ഐ. സുനിൽ, ഡോ.മുഹമ്മദ് ഷെഫീർ, വിഷൻ കോഴിക്കോടിന്റെ അരുൺ ദാസ്, മുഹമ്മദ് സാലി, മർഷാദ്.പി, സൈഫുദ്ദീൻ, ശ്രീകാന്ത്, ജില്ലാ കലക്ടറുടെ ഇന്‍റേൺഷിപ്പ് പദ്ധതിയിലെ  ഉണ്ണിമായ, ഉജിഷ, ആരതി, അമൃത എന്നിവരുടെ നേതൃത്വത്തിലാണ് സന്നദ്ധസേവകർ ശുചീകരണത്തിൽ പങ്കെടുത്തത്. 

റസിഡന്‍റ്സ്  കോർഡിനേഷൻ കമ്മിറ്റിയുടെ സഹായത്തോടെ സ്ഥിരമായ ബീച്ച് പരിപാലന നടപടികൾ ആരംഭിക്കും.  വിവിധ സ്പോൺസർമാരുടെ സഹായത്തോടെ കോനാട്  ബീച്ചിൽ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാനായി ബിന്നുകൾ സ്ഥാപിക്കുന്നതിന്‍റെ സാധ്യതകളും ക്ലീൻ ബീച്ച് മിഷൻ പരിശോധിക്കും.