തിരുവനന്തപുരം: സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകളുടെ സേവനം അവസാനിക്കാൻ സാധ്യത. സർക്കാരിൽ നിന്ന് കൃത്യമായി കരാർ എടുത്തിരിക്കുന്ന കമ്പനിക്ക് പണം നൽകാതെ വന്നതോടെയാണ് ഏപ്രിൽ 25 മുതൽ ആംബുലൻസുകളുടെ സർവീസ്  അവസാനിപ്പിക്കാൻ കരാർ എടുത്തിരിക്കുന്ന കമ്പനി അധികൃതർ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

ഇത് സംബന്ധിച്ച കമ്പനിയുടെ കത്ത് കഴിഞ്ഞ ദിവസം കേരള മെഡിക്കൽ സർവീസ് കോർപറേഷന് ലഭിച്ചു.  മൂന്ന് മാസം കൂടുമ്പോഴാണ് കരാർ എടുത്തിരിക്കുന്ന കമ്പനി സർക്കാരിന് ബിൽ സമർപ്പിക്കേണ്ടത്.  കരാർ പ്രകാരം പത്തു ദിവസത്തിനുള്ളിൽ ഈ ബില്ലിന്റെ 60% നൽകണമെന്നും തുടർന്ന് ബിൽ പരിശോധിച്ചു പെനാൽറ്റിയുണ്ടെങ്കിൽ അത് ഈടാക്കി ബാക്കി 40% തുക നൽകണമെന്നുമാണ് വ്യവസ്ഥ.

എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഈ വ്യവസ്ഥകൾ പാലിക്കാത്തതും ആദ്യ ബില്ലിൽ നാലു കോടി രൂപ ഇനിയും നൽകാൻ ബാക്കിയുള്ളതും രണ്ടാമതായി സമർപിച്ച ബിൽ തുക നൽകുന്നത് അനിശ്ചിതത്വത്തിലായതോടെയും ആംബുലൻസുകളുടെ ഇന്ധനം, അറ്റകുറ്റപണികൾക്കായുള്ള തുക, ജീവനക്കാരുടെ ശമ്പളം, എന്നിങ്ങനെ ഭീമമായ തുകയാണ് ബാധ്യത വന്നിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്.

കമ്പനി ഈ തീരുമാനവുമായി മുന്നോട്ട് പോയാല്‍ സംസ്ഥാനത്ത് കൊവിഡ്‌ 19  പ്രവർത്തനങ്ങൾക്ക് വിന്യാസിച്ചിട്ടുള്ള 144  ആംബുലൻസുകളുടെയും സേവനവും നിലയ്ക്കും. 2019 സെപ്റ്റംബർ 25 മുതലാണ് സംസ്ഥാന വ്യാപകമായി കനിവ് 108 ആംബുലൻസ് സർവീസ് എന്ന പേരിൽ സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമാ കെയർ പദ്ധതിയുടെ ഭാഗമായുള്ള ആംബുലൻസ് സർവീസ് ആരംഭിക്കുന്നത്.

കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ മേൽനോട്ടത്തിൽ ഹൈദരാബാദ് ആസ്ഥാനമായ ജിവികെ ഈഎംആർഐ എന്ന കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല നൽകിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം 315 ആംബുലൻസുകളാണ് പദ്ധതിയുടെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്.