Asianet News MalayalamAsianet News Malayalam

ആരോഗ്യനില വഷളായി, ആശുപത്രിയിലേക്ക് മാറ്റാനായില്ല; കനിവ് 108 ജീവനക്കാർ തുണയായി, യുവതിക്ക് വീട്ടിൽ പ്രസവം

ബന്ധുക്കളിൽ ഒരാൾ കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സഹായം അഭ്യർത്ഥിച്ച് എത്തുമ്പോഴാണ് മെഡിക്കൽ കോളേജിൽ രോഗിയെ ആക്കി മടങ്ങി വന്ന കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് കാണുന്നത്

Kaniv 108 ambulance staff helps women to delivery in home
Author
Thiruvananthapuram, First Published Jan 3, 2022, 5:16 PM IST

തിരുവനന്തപുരം: കനിവ് 108 ആംബുലൻസ് (Ambulance) ജീവനക്കാരുടെ പരിചരണത്തിൽ യുവതി വീട്ടിൽ കുഞ്ഞിന് ജന്മം നൽകി. വെമ്പായം മേലെപള്ളിക്കൽ വീട്ടിൽ നിയാസിന്റെ ഭാര്യ ഷെഹിന (25) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

ഷെഹിനയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് സാധിച്ചില്ല. ഇതിനിടയിൽ ബന്ധുക്കളിൽ ഒരാൾ കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സഹായം അഭ്യർത്ഥിച്ച് എത്തുമ്പോഴാണ് മെഡിക്കൽ കോളേജിൽ രോഗിയെ ആക്കി മടങ്ങി വന്ന കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് കാണുന്നത്.

ഉടനെ ഇദ്ദേഹം വിവരം ആംബുലൻസിൽ ഉണ്ടായിരുന്ന എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സൂര്യ.യു, പൈലറ്റ് അനൂപ്.എം എന്നിവരോട് പറഞ്ഞു. സംഭവം 108 ആംബുലൻസ് കൺട്രോൾ റൂമിൽ അറിയിച്ച ശേഷം ഇരുവരും ഉടനെ സംഭവ സ്ഥലത്ത് എത്തി. സൂര്യ നടത്തിയ പരിശോധനയിൽ ഷെഹിനയുടെ ആരോഗ്യനില മോശമാണെന്നും പ്രസവം എടുക്കാതെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയില്ല എന്നും മനസിലാക്കി വീട്ടിൽ വെച്ച് തന്നെ പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.

പുലർച്ചെ 4.29ന് സൂര്യയുടെ പരിചരണത്തിൽ ഷെഹിന കുഞ്ഞിന് ജന്മം നൽകി. പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനേയും ആംബുലൻസിലേക്ക് മാറ്റി. ഉടൻ തന്നെ ഇരുവരെയും പൈലറ്റ് അനൂപ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios