തിരുവനന്തപുരം: കഴിഞ്ഞ ഒന്‍പത് മാസത്തിനിടയില്‍ കനിവ് 108 ആംബുലന്‍സ് രക്ഷകരായത് ഒരുലക്ഷം പേര്‍ക്ക്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ അത്യാഹിതങ്ങളിലും കേരളത്തിലെ നിരത്തുകളിലൂടെ കനിവ് 108 ആംബുലന്‍സുകള്‍ പായുന്നത്. സെപ്തംബര്‍ 25നാണ് സംസ്ഥാന സമഗ്ര ട്രോമാ കെയര്‍ ആംബുലന്‍സ് ശൃംഖലയായ കനിവ് 108 ആംബുലന്‍സിന്‍റെ സേവനം ആരംഭിക്കുന്നത്.

316 ആംബുലൻസുകളാണ് സംസ്ഥാനത്തുടനീളം സർവീസിന്റെ ഭാഗമായി വിന്യസിച്ചിട്ടുള്ളത്. ഫീൽഡ്, കണ്ട്രോൾ റൂം, ഓഫീസ് എന്നീ വിഭാഗങ്ങളിലായി 1300 ജീവനക്കാർ പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്നുണ്ട്.  സെപ്റ്റംബർ 25 മുതൽ ജൂൺ 30 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 1,26,444 ആളുകൾക്ക് കനിവ് 108 ആംബുലൻസുകളുടെ സേവനം നൽകാൻ കഴിഞ്ഞതായി പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ജിവികെ ഈഎംആർഐ അധികൃതർ വിശദമാക്കുന്നത്. 

ഹൃദയ സംബന്ധമായ അസുഖം കാരണമുള്ള അത്യാഹിത സന്ദേശങ്ങളാണ് ഇതിൽ അധികവും. ഇത്തരത്തിലുള്ള 13,057 അത്യാഹിത സന്ദേശങ്ങൾക്ക് 108 ആംബുലൻസുകളുടെ സേവനം നൽകാൻ സാധിച്ചു. വാഹനാപകടങ്ങളാണ് രണ്ടാം സ്ഥാനത്തുള്ളത് ഒൻപത് മാസ കാലയളവിൽ 11,565 വാഹനാപകട അത്യാഹിത സന്ദേശങ്ങൾക്ക് 108 ആംബുലൻസുകളുടെ സേവനം നൽകിയിട്ടുണ്ട്. ശരാശരി പ്രതിമാസം 2000 വാഹനാപകട സന്ദേശങ്ങളാണ് 108 ആംബുലൻസ് കണ്ട്രോൾ റൂമിലേക്ക് വന്നിരുന്നത്. ലോക്ക്ഡൗൺ കാലയളവിൽ ഇത് 300 മാത്രമായിരുന്നു.

 ഇതുവരെ 2,946 ഗർഭിണികൾക്ക് സംസ്ഥാനത്തുടനീളം 108 ആംബുലൻസുകളുടെ സേവനം നൽകാൻ സാധിച്ചു. ഒൻപത് മാസത്തിനിടയിൽ 20 പ്രസവങ്ങൾ 108 ആംബുലൻസിനുള്ളിൽ നടന്നിട്ടുണ്ട്. ജനുവരി 29ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ആദ്യ ആംബുലൻസ്‌ വിന്യസിച്ചാണ് കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ 108 ആംബുലൻസുകൾ പങ്കാളികളാകുന്നത്. 

നിലവിൽ 261 ആംബുലൻസുകൾ വിവിധ ജില്ലകളിലായി കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാത്രമായി വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം 23, കൊല്ലം 14, പത്തനംതിട്ട 7, ആലപ്പുഴ 12, ഇടുക്കി 15, കോട്ടയം 17, എറണാകുളം 23, തൃശ്ശൂർ 30, പാലക്കാട് 28, മലപ്പുറം 29, കോഴിക്കോട് 31, വയനാട് 3, കണ്ണൂർ 19, കാസർഗോഡ് 10 എന്നിങ്ങനെയാണ് കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓരോ ജില്ലയിലും 108 ആംബുലൻസ്‌ വിന്യസിച്ചിരിക്കുന്നത്.

അറുനൂറോളം ജീവനക്കാരാണ് നിലവിൽ കൊവിഡ്‌ പ്രവർത്തനങ്ങളുടെ ഭാഗമായി ജോലി ചെയ്യുന്നത്. ഇതുവരെ 71,967 കോവിഡ്‌ അനുബന്ധ ട്രിപ്പുകൾ 108 ആംബുലൻസുകൾ സംസ്ഥാനത്ത് നടത്തിക്കഴിഞ്ഞു. കൊവിഡിന് മാത്രമായി 160 ദിവസം കൊണ്ട് 28,76,253 കിലോമീറ്റർ ആണ് 108 ആംബുലൻസുകൾ ഇതുവരെ ഓടിയത്. രോഗലക്ഷണം ഉള്ളവരെയും, രോഗബാധിത മേഖലകളിൽ നിന്ന് എത്തുന്നവരെയും ഐസോലേഷൻ വാർഡുകളിലേക്കും ഹോം ഐസലേഷനിലേക്കും മാറ്റുന്നതിനാണ്  വിവിധ ജില്ലകളിൽ 108 ആംബുലൻസുകൾ വിന്യസിച്ചിരിക്കുന്നത്.  ഇതിനാൽ കൊവിഡ്‌ ബാധിതരുമായി സമ്പർക്കമുണ്ടാകുന്ന ജീവനക്കാരെ ഉടൻ തന്നെ ക്വാറന്റൈനിലേക്ക് മാറ്റുകയും പകരം ആംബുലൻസ്‌ സേവനം മുടങ്ങാതെയിരിക്കാൻ ദിവസവേതന വ്യവസ്ഥയിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്നുമുണ്ട്.