കണ്ണൂർ: കണ്ണൂർ ഉളിക്കലിനടുത്ത് വയത്തൂരിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. ആനപ്പുറത്തിരുന്ന രണ്ട് പേര്‍ക്ക് വീണ് പരിക്കേറ്റു. കാലിന് ഗുരുതര പരിക്കേറ്റ വിരാജ് പേട്ട സ്വദേശി സുഹാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താലപ്പൊലി ഘോഷയാത്ര അമ്പലത്തിന് സമീപം എത്തിയപ്പോഴാണ് ആന ഇടഞ്ഞത്. പാപ്പാന്മാർ ഉടൻ കൂച്ചുവിലങ്ങിട്ട് നിർത്തിയതിനാൽ ആനക്ക് അധിക ദൂരം ഓടാനായില്ല. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ അനുനയിപ്പിച്ചത്.  

കോട്ടയം മേലമ്പാറയിലും സമാനമായ സംഭവമുണ്ടായി. ഇടഞ്ഞ ആന മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേലമ്പാറയില്‍ ആന ഇടഞ്ഞത്. കുളിപ്പിക്കാൻ ഇറക്കുന്നതിനിടയിൽ ഇടഞ്ഞ ആന പ്രധാന റോഡിലൂടെയും ഇടറോഡിലൂടെയും നാല് കിലോമീറ്ററോളം ഓടി. മേലമ്പാറ സഹകരണ ബാങ്കിന്‍റെ ഗേറ്റും ഗോഡൗണിന്‍റെ വാതിലും ആന തകർത്തു. ദീപ്തി മൈനർ‌ സെമിനാരിയുടെ മുറ്റത്ത് കൂടി ഓടിയ ആന കരിങ്കൽക്കെട്ടും ചുറ്റുമതിലിന്‍റെ കൈവരികളും തകർത്തു. ഒടുവില്‍ ചുങ്കപ്പുര പുരയിടത്തിൽ കയറിയ ആനയെ തളച്ചു. പ്രവിത്താനം വേണാട്ട് മറ്റത്തിൽ ഗോപാലൻ എന്ന ആനയാണ് ഇടഞ്ഞത്.