കണ്ണൂർ: മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്ക് ഇടയിൽ നടത്തിയ പരിശോധനയിൽ കൂട്ടത്തോടെ കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് കണ്ണൂർ മട്ടന്നൂർ ടൗൺ നാളെ മുതൽ അടയ്ക്കും. ടൗണിലെ ഓട്ടോ ഡ്രൈവർമാർ, ചുമട്ട് തൊഴിലാളികൾ വ്യാപാരികൾ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. മട്ടന്നൂർ ടൗൺ ഉൾപ്പെടുന്ന നഗരസഭയിലെ 28, 29, 31 വാർഡുകൾ അടച്ചിടാനാണ് തീരുമാനം.

ജില്ലയില്‍ ഇന്ന് (സപ്തംബര്‍ 23)365 പേര്‍ക്ക്  കൊവിഡ് ബാധ സ്ഥിരീകരിച്ചതായാണ് ജില്ലാ കളക്ടർ അറിയിച്ചത്. 322 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 21 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. 

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 8630 ആയി. ഇവരില്‍ 145 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 5295 ആയി. കൊവിഡ് ബാധിച്ച് മരിച്ച 40 പേര്‍ മരിച്ചു..

ഹോം ഐസൊലേഷനില്‍ 1966 പേരാണുള്ളത്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1966 പേര്‍ വീടുകളിലും ബാക്കി 929 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ 111130 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 110394 എണ്ണത്തിന്‍റെ ഫലം വന്നു. 736 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.