കണ്ണൂ‌‌‌‍‌ർ: സംസ്ഥാനമൊന്നാകെ പ്ലാസ്റ്റിക് നിരോധനത്തിലേക്ക് നിങ്ങുമ്പോൾ രണ്ട് വർഷം മുമ്പേ പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്താക്കി മുമ്പിൽ നടന്ന ജില്ലയാണ് കണ്ണൂർ. സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനത്തിന് മുന്നോടിയായി ബോധവൽക്കരണ പ്രചരണങ്ങൾ കണ്ണൂരിൽ തകൃതിയാണ്. 

വീ ആർ കണ്ണൂർ, നല്ല മണ്ണ് നല്ല നാട്, മാലിന്യമില്ലാത്ത മംഗല്യം. പ്ലാസ്റ്റിക് കാരിബാഗുകൾ നിരോധിച്ചും, വിവാഹച്ചടങ്ങുകളടക്കം പൊതുപരിപാടികളിൽ വരെ പ്ലാസ്റ്റിക്കിനെ അകറ്റി നിർത്തിയുമുള്ള ഈ മൂന്ന് മുദ്രാവാക്യങ്ങളുമായാണ് കണ്ണൂരിൽ പ്ലാസ്റ്റിക്കിനെതിരായ ബോധവൽക്കരണ പരിപാടികൾ മുന്നോട്ട് പോകുന്നത്.

2 വർഷം കൊണ്ടുണ്ടായ പ്രധാന മാറ്റം മാലിന്യത്തിൽ പ്ലാസ്റ്റിക് ഗണ്യമായി കുറഞ്ഞുവെന്നതാണെന്നാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ സുമേഷ് അടക്കമുള്ളവർ പറയുന്നത്. പ്ലാസ്റ്റിക്കിനെ തുരത്തൽ അന്ന് കാരി ബാഗുകളിൽ മാത്രം ഒതുങ്ങിയില്ല. സംസ്ഥാനത്താദ്യമായി ഫ്ലക്സ് ബോ‌ർഡുകൾക്ക് നിയന്ത്രണമേ‌ർപ്പെടുത്തിയതും കണ്ണൂ‌ർ തന്നെയാണ്. പ്രചരണബോ‌ർഡുകളെല്ലാം തുണികൊണ്ടും കടലാസുകൊണ്ടുമായി. 

ഫ്ലക്സ് നിരോധിച്ചതോടെ ബോർഡുകൾ ഭൂരിഭാഗവും തുണിയിലേക്ക് മാറി. ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും വ്യാപാരികളും പരമാവധി പ്ലാസ്റ്റിക്കിനെ അകറ്റി നിർത്തി പുതിയ മാർഗങ്ങൾ നേരത്തെ നടപ്പാക്കിക്കഴിഞ്ഞു. സഞ്ചി കൊണ്ടുപോയില്ലെങ്കിൽ സാധനം കൈയിലെടുത്ത് കൊണ്ടു പോരേണ്ടി വരുമെന്നത് ചില കശപിശക്ക് ഇടയാക്കാറുണ്ട്. മൊത്തക്കച്ചവട കേന്ദ്രങ്ങളിലടക്കം ചിലയിടങ്ങളിൽ പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം ഇപ്പോഴുമുണ്ടെങ്കിലും വലിയ മാറ്റമാണുണ്ടായത്. സംസ്ഥാനത്തൊട്ടാകെ നിരോധനം വരുമ്പോൾ കണ്ണൂർ ഒരുപടി മുന്നിലാണെന്ന് മാത്രമല്ല, നല്ല മാതൃകയുമാണ്.