കണ്ണൂർ ജില്ലയിൽ പെട്രോൾ പമ്പ് ജീവനക്കാർ നാളെ മുതൽ പണിമുടക്കുമെന്ന് പ്രഖ്യാപിച്ചു
കണ്ണൂർ: പെട്രോൾ പമ്പ് ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്. കണ്ണൂർ ജില്ലയിൽ പെട്രോൾ പമ്പ് ജീവനക്കാർ നാളെ മുതൽ പണിമുടക്കുമെന്ന് പ്രഖ്യാപിച്ചു. വേതനവും ബോണസും വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് നാളെ കണ്ണൂർ ജില്ലയിൽ പെട്രോൾ വിതരണം പൂർണമായും മുടങ്ങുമെന്നാണ് സൂചന. 20 ശതമാനം ബോണസ് നല്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. 5 ശതമാനം എക്സ് ഗ്രേഷ്യാ നല്കണമെന്ന ആവശ്യവും ജീവനക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. സി ഐ ടി യു, ഐ എൻ ടി യു സി, ബി എം എസ് തുടങ്ങിയ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. പമ്പ് ഉടമകളുമായി യൂണിയൻ നേതാക്കൾ ആറു തവണ ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അനിശ്ചിത കാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ യൂണിയൻ നേതാക്കളുമായി റീജ്യണൽ ജോയിന്റ് ലേബർ കമ്മീഷണർ നാളെ ചർച്ച നടത്തിയേക്കും.
അതേസമയം കണ്ണൂരിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത തലശ്ശേരിയിലെ ബോംബ് സ്ഫോടനത്തിൽ ഒരാളുടെ കൈപ്പത്തി അറ്റുപോയി എന്നതാണ്. എരഞ്ഞോളി പാലത്ത് നടന്ന സ്ഫോടനത്തിലാണ് പ്രദേശവാസി വിഷ്ണുവിന്റെ കൈപ്പത്തി അറ്റുപോയത്. ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. വിഷ്ണുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തതയുണ്ടാവുകയുള്ളൂ. തീവ്ര പരിചരണ വിഭാഗത്തിലുള്ള വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റത് ആർ എസ് എസ് പ്രവർത്തകനാണെന്ന് സി പി എം നേതാക്കൾ ആരോപിച്ചു. ബി ജെ പി - ആർ എസ് എസ് നേതൃത്വത്തിന്റെ അറിവോടെ ബോംബ് നിർമ്മിക്കുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായതെന്നും പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനാണ് ആർ എസ് എസ് ശ്രമമെന്നും സംഭവത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും സി പി എം തലശ്ശേരി ഏരിയ സെക്രട്ടറി സി കെ രമേശൻ ആവശ്യപ്പെട്ടു.
'തലശേരിയിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റത് ആർഎസ്എസ് പ്രവർത്തകന്'; ആരോപണവുമായി സിപിഎം
