പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനാണ് ആർഎസ്എസ് ശ്രമം. സംഭവത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും സിപിഎം തലശ്ശേരി ഏരിയ സെക്രട്ടറി സി കെ രമേശൻ ആവശ്യപ്പെട്ടു.

കണ്ണൂർ: തലശ്ശേരിയിലെ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റത് ആര് എസ് എസ് പ്രവർത്തകനെന്ന് സിപിഎം ആരോപണം. ബിജെപി-ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെ ബോംബ് നിർമ്മിക്കുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായതെന്നും പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനാണ് ആർഎസ്എസ് ശ്രമം. സംഭവത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും സിപിഎം തലശ്ശേരി ഏരിയ സെക്രട്ടറി സി കെ രമേശൻ ആവശ്യപ്പെട്ടു. 

എരഞ്ഞോളി പാലത്ത് നടന്ന സ്ഫോടനത്തിലാണ് പ്രദേശവാസി വിഷ്ണുവിന്റെ കൈപ്പത്തിയാണ് അറ്റുപോയത്. ഇന്നലെ രാത്രിയാണ് സംഭവം. ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. വിഷ്ണുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തതയുണ്ടാവുകയുള്ളൂ. തീവ്ര പരിചരണ വിഭാഗത്തിലുള്ള വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.

 രാത്രി പന്ത്രണ്ടു മണിയോടെയാണ് എരഞ്ഞോളി പാലത്തിനു സമീപം ആളൊഴിഞ്ഞ പറമ്പിനടുത്ത് റോഡിൽ സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ വിഷ്ണുവിന്റെ ഇടതു കൈപ്പത്തി അറ്റു. വലതു കൈയിലെ വിരലുകളും അറ്റു. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഷ്ണുവിനെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബോംബ് നിർമ്മാണത്തിനിടയിലാണ് സ്ഫോടനം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. പ്രദേശത്തു ബോംബ് സ്‌ക്വാഡും, ഫോറെൻസിക് സംഘവും പരിശോധന നടത്തി.

സ്ഫോടനം നടക്കുമ്പോൾ കൂടുതൽ ആളുകൾ സ്ഥലത്ത് ഉണ്ടായിരുന്നോയെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്തു പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

തലശേരിയിൽ യുവാവിന്റെ കൈപ്പത്തി അറ്റു; ബോംബ് പൊട്ടിത്തെറിച്ചതെന്ന് സംശയം