Asianet News MalayalamAsianet News Malayalam

ലഹരിക്ക് അടിപ്പെട്ട് കുറ്റകൃത്യം; ശക്തമായ ശിക്ഷകള്‍ വേണമെന്ന് കാന്തപുരവും കതോലിക്കാ ബാവയും 

കാരന്തൂർ മർകസിൽ നടന്ന കൂടിക്കാഴ്ചയിൽ നിലവിലെ സാമൂഹ്യ സാഹചര്യത്തെയും, ഇരു സമുദായങ്ങൾക്കിടയിൽ ശക്തിപ്പെടേണ്ട സൗഹാർദ്ദത്തെയും കുറിച്ച് ഇരുവരും സംസാരിച്ചു

Kanthapuram A P Aboobacker Musliyar meets Mar Baselios Marthoma Mathews III
Author
First Published May 29, 2023, 1:08 PM IST

കോഴിക്കോട്: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരും ഓർത്തോഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും കൂടിക്കാഴ്ച്ച നടത്തി. കാരന്തൂർ മർകസിൽ നടന്ന കൂടിക്കാഴ്ചയിൽ നിലവിലെ സാമൂഹ്യ സാഹചര്യത്തെയും, ഇരു സമുദായങ്ങൾക്കിടയിൽ ശക്തിപ്പെടേണ്ട സൗഹാർദ്ദത്തെയും കുറിച്ച് ഇരുവരും സംസാരിച്ചു. അടുത്തിടെയായി ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളെ തടയിടാൻ എല്ലാവരും രംഗത്തിറങ്ങണം.

പലപ്പോഴും പരസ്പരം തെറ്റിദ്ധരിപ്പിച്ച് തമ്മിലടിപ്പിക്കാനാണ് ശ്രമങ്ങളുണ്ടാവുന്നത്. സോഷ്യൽ മീഡിയയിലും മറ്റും ഇതിനായി നിരന്തര ശ്രമങ്ങൾ ഉണ്ടാവുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞ് സാമുദായിക ഐക്യത്തിനും നാടിന്റെ സ്വസ്ഥതക്കുംവേണ്ടി ഏവരും നിലകൊള്ളണമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയില്‍ ഇവര്‍ വിശദമാക്കി. നമ്മുടെ സമൂഹത്തിൽ മദ്യത്തിന്റെയും ലഹരിയുടെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപകമാവുന്നുണ്ട്. സമീപകാലത്ത് കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളുടെയെല്ലാം പ്രധാന പ്രേരകം ലഹരിയാണ്. വിദ്യാർത്ഥികൾ പോലും മാരക ലഹരികൾക്ക് അടിമപ്പെടുന്നു.

ലഹരിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ജനങ്ങളെയും വിദ്യാർത്ഥികളെയും ബോധവത്കരിക്കാൻ സംവിധാനങ്ങളുണ്ടാക്കും. ലഹരി എന്ന വിപത്തിനെ തുരത്താൻ അടിയന്തരമായി ഇടപെടേണ്ടതിന്റെ ആവശ്യകത സർക്കാരിനെ ഉണർത്തും. മദ്യ, ലഹരി നിരോധനത്തിനും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ശക്തമായ ശിക്ഷകൾ നൽകാനും അധികാരികൾ ഇടപെടണമെന്നും ഇരുവരും ആവശ്യപ്പെട്ടു.  

കൂടിക്കാഴ്ചയിൽ സുന്നിയുവജന സംഘം സംസ്ഥാന സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, മർകസ് പ്രൊ ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കെയർ  ആന്‍ഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാദർ താമസ് കുര്യൻ മരോട്ടിപ്പുഴ, ജിതിൻ മാത്യു ഫിലിപ്പ് എന്നിവര്‍ സംബന്ധിച്ചു.

Follow Us:
Download App:
  • android
  • ios