'ജനങ്ങളുടെ ജീവനും സുരക്ഷക്കും ഭീഷണി', തിരുവനന്തപുരത്തെ കാപ്പിരി ജിതിൻ 'കാപ്പ' പ്രകാരം കരുതൽ തടങ്കലിൽ
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കാപ്പിരി ജിതിൻ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ.

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കാപ്പിരി ജിതിൻ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ. നാലാഞ്ചിറ അക്ഷയ ഗാർഡൻസിൽ അമരം വീട്ടിൽ കാപ്പിരി ജിതിൻ എന്നറിയപ്പെടുന്ന ജിതിൻ(30) നെയാണ് സാഗോക്ക് ടീമിന്റെ സഹായത്തോടെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയതത്.
കൊലപാതകശ്രമം, അടിപിടി തുടങ്ങി നിരവധി കേസുകൾ പ്രതിയായ ഇയാൾക്കെതിരെ മണ്ണന്തല, പേരൂർക്കട, വഞ്ചിയൂർ, നെടുമങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസ്സുകളുണ്ട് എന്ന് പൊലീസ് പറഞ്ഞു. പൊതുജനങ്ങളുടെ ജീവനും സുരക്ഷക്കും ഭീഷണിയായി ഇയാൾ നിരന്തരം ക്രിമിനൽ പ്രവർത്തനങ്ങളിലേർപ്പെട്ട് കേസുകളിൽ പ്രതിയായതിനെ തുടർന്ന് തിരുവനന്തപുരം സിറ്റി പൊലീസ് നൽകിയ ശുപാർശ പ്രകാരം ജില്ലാ കലക്ടർ ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
അതേസമയം, ചങ്ങനാശ്ശേരിയിൽ സ്ക്രൂഡ്രൈവറുപയോഗിച്ച് ഗൃഹനാഥനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി മുണ്ടുകുഴി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ സന്തോഷ് കുമാർ എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാവിലെ ചങ്ങനാശ്ശേരി ബിവറേജ് ഷോപ്പിന് സമീപം വച്ച് കുറിച്ചി ഇത്തിത്താനം സ്വദേശിയെ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തുകയായിരുന്നു.
കൂടാതെ കല്ല് ഉപയോഗിച്ച് നെഞ്ചിനിടിക്കുകയും ചെയ്തു. കുറച്ചു ദിവസം മുന്‍പ് സന്തോഷ് കുമാറും ചെത്തിപ്പുഴയിലുള്ള സുഹൃത്തും തമ്മിൽ ഉണ്ടായ വഴക്ക് ഇയാൾ ഇടപെട്ട് പിന്തിരിപ്പിച്ച് വിട്ടിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് സന്തോഷ് കുമാർ ഇയാളെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.