ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് ഓട്ടോ ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഞായറാഴ്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ലോക്കാട് ഫാക്ടറി ഡിവിഷനില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവറായ കാര്‍ത്തിക്ക് (35) കാട്ടാനയുടെ മുമ്പില്‍ അകപ്പെട്ടത്. 

വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നിരുന്ന ആന, വാഹനത്തിന്‍റെ ശബ്ദം കേട്ടതോടെ പെട്ടെന്ന് വാഹനത്തിന്‍റെ മുമ്പിലെത്തുകയായിരുന്നു. ഓട്ടോയുടെ മുന്നിലെ ഗ്ലാസ് കൊമ്പുകള്‍ ഉപയോഗിച്ച് കുത്തിപ്പൊട്ടിക്കുന്നതിനിടെ കാര്‍ത്തിക്ക് സമീപത്തെ കുറ്റിക്കാട്ടിലേക്ക് എടുത്തുചാടി ശ്വാസമടക്കി മിനിറ്റുകള്‍ കിടന്നു. 

കുറച്ചുനേരം അവിടെത്തന്നെ നിലയുറപ്പിച്ചെങ്കിലും കാര്‍ത്തിക്കിനെ ആനയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫോണിലൂടെ ബന്ധുക്കളില്‍ സന്ദേശം എത്തിയതോടെ തൊഴിലാളികളെത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. വയറിനും നട്ടെല്ലിനും പരിക്കേറ്റ കാര്‍ത്തിക് മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. 

മേഖലയില്‍ ഒറ്റയാന്‍റെ വിളയാട്ടം നിത്യസംഭവമാവുമ്പോഴും വനംവകുപ്പ് നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്. ആക്രമണങ്ങള്‍ പതിവാകുമ്പോഴും ആക്രമണകാരികളായ കാട്ടാനകളെ കാടുകയറ്റാന്‍ വനംവകുപ്പ് തയ്യറാകുന്നില്ലെന്നാണ് ആക്ഷേപം.