കരുവറ്റാ സിബിഎൽ ജലോത്സവം; നടുഭാഗം ചുണ്ടൻ ജേതാവ്
കരുവറ്റാ ലീഡിങ് ചാനലിൽ നടന്ന എട്ടാമത് സി ബി എൽ ജലോത്സവത്തിൽ യുബിസി കൈനകരിയുടെ നടുഭാഗം ചുണ്ടൻ ജേതാവായി

ഹരിപ്പാട്: കരുവറ്റാ ലീഡിങ് ചാനലിൽ നടന്ന എട്ടാമത് സി ബി എൽ ജലോത്സവത്തിൽ യുബിസി കൈനകരിയുടെ നടുഭാഗം ചുണ്ടൻ ജേതാവായി. 67 പോയന്റുകളോടെ സിബിഎൽ മത്സരത്തിൽ ഒന്നാമത്ത് എത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനെ തുഴപ്പാടുകൾക്ക് പിന്നിലാക്കിയാണ് യുബിസി ട്രോഫി കരസ്ഥമാക്കിയത്. പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിനാണ് മൂന്നാംസ്ഥാനം.
ലൂസേഴ്സ് മത്സരത്തിൽ എൻസിഡിസിയുടെ നിരണം ചുണ്ടൻ ഒന്നാമതെത്തി. പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടനും ആയാപറമ്പ് പാണ്ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫസ്റ്റ് ലൂസേഴ്സ് മത്സരത്തിൽ സെന്റ് പയസ് ടെൻത്, ചമ്പക്കുളം, പായിപ്പാട് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കി. പ്രാദേശികമായി നടത്തിയ 54-ാ മത് ജലോത്സവത്തിൽ കഴിഞ്ഞ സീസണിലെ ജേതാവായിരുന്ന ചെറുതന ചുണ്ടനെ പിന്നിലാക്കി കരുവറ്റാ ചുണ്ടൻ ട്രോഫി കരസ്ഥമാക്കി.
ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരത്തിൽ താണിയൻ ഒന്നാമതെത്തി. രണ്ടും മൂന്നും സ്ഥാനങ്ങൾ സെന്റ് ജോസഫും കുറപ്പു പറമ്പനും നേടി. പവലിയനിൽ നടന്ന സമ്മേളനം എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു. കരുവറ്റാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, സംസ്ഥാന യുവജന ബോർഡ് അംഗം ജയിംസ് സാമുവൽ ടി എസ് താഹ എന്നിവർ സംസാരിച്ചു. കലാ സാഹിത്യ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച കരുവറ്റാ സ്വദേശിയായ അനുരാഗ് ഗോപിനാഥിനെ ചടങ്ങിൽ സംസ്ഥാന ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആദരിക്കുകയും ജലമേളയിലെ ജേതാക്കൾക്ക് സമ്മാന വിതരണം നടത്തുകയും ചെയ്തു.