കരുവാറ്റ വള്ളംകളിയില്‍ സംഘര്‍ഷം: മൂന്ന് പേര്‍ അറസ്റ്റില്‍
മത്സരത്തിൽ പരാജയപ്പെട്ട പള്ളാത്തുരുത്തി ബോട്ട് ക്ലബ് അംഗങ്ങളെ നാട്ടുകാർ കളിയാക്കിയതിനെ തുടർന്നുണ്ടായ പ്രകോപനമാണ് അടിപിടിയിൽ കലാശിച്ചത്.

ഹരിപ്പാട്: കരുവാറ്റ സിബിഎൽ മത്സരത്തിനുശേഷം തുഴച്ചിൽകാരും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർ അറസ്റ്റില്‍. കരുവാറ്റ സ്വദേശികളായ പരിത്തിക്കാട്ടിൽ ഹൗസിൽ അനൂപ്, പുത്തൻപറമ്പ് വീട്ടിൽ അനീഷ് (കൊച്ചുമോൻ), കൈതോട്ട് പറമ്പ് വീട്ടിൽ പ്രശാന്ത് എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച നടന്ന മത്സര വള്ളംകളിക്ക് ശേഷമാണ് നാട്ടുകാരും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ തുഴച്ചിൽ കാരുമായി സംഘർഷം ഉണ്ടായത്. വള്ളംകളി നടക്കുന്നതിനിടയിൽ ഇരു വിഭാഗവും തമ്മിൽ ചെറിയ തോതിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് മത്സരത്തിൽ പരാജയപ്പെട്ട പള്ളാത്തുരുത്തി ബോട്ട് ക്ലബ് അംഗങ്ങളെ നാട്ടുകാർ കളിയാക്കിയതിനെ തുടർന്നുണ്ടായ പ്രകോപനമാണ് അടിപിടിയിൽ കലാശിച്ചത്.
എസ് എൻ കടവിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ക്യാമ്പിലെ ഭക്ഷണവും മറ്റു സാധന സാമഗ്രികളും പ്രതികൾ നശിപ്പിക്കുകയും ചെയ്തു . 9 തുഴച്ചിൽകാർക്കും നാട്ടുകാരിൽ ഒരാൾക്കും പരുക്കേറ്റു. തുഴച്ചിലുകാരായ ലാൽ, രതീഷ്, അഖിൽ, ഗഗൻ, പ്രശാന്ത് തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കൂടുതൽ പ്രതികൾ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
എട്ടാമത് സിബിഎൽ ജലോത്സവത്തിൽ യുബിസി കൈനകരിയുടെ നടുഭാഗം ചുണ്ടനാണ് ജേതാവായത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനെ തുഴപ്പാടുകൾക്ക് പിന്നിലാക്കിയാണ് യുബിസി ട്രോഫി കരസ്ഥമാക്കിയത്. പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിനാണ് മൂന്നാംസ്ഥാനം.
ലൂസേഴ്സ് മത്സരത്തിൽ എൻസിഡിസിയുടെ നിരണം ചുണ്ടൻ ഒന്നാമതെത്തി. ഫസ്റ്റ് ലൂസേഴ്സ് മത്സരത്തിൽ സെന്റ് പയസ് ടെൻത്, ചമ്പക്കുളം, പായിപ്പാട് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.