ഖത്തീബ് നഗര്‍ മുതല്‍ കളത്തൂര്‍ വരെ അഞ്ച് കിലോമീറ്റര്‍ ദൂരം ഫര്‍ഹാസിനേയും കാറിലുണ്ടായിരുന്ന മറ്റ് നാല് പേരേയും പിന്തുടര്‍ന്നത് എന്തിനെന്നാണ് മുസ്ലീം ലീഗ് ചോദിക്കുന്നത്

കാസര്‍കോട്: കാസർകോട് കുമ്പളയിൽ ഫർഹാസിൻ്റെ മരണത്തിന് കാരണമായ അപകടത്തിൽ പൊലീസിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് മുസ്ലിം ലീഗും എം എസ് എഫും കെ എസ് യുവും. ഫര്‍ഹാസിന്‍റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാര്‍ക്കെതിരായ സ്ഥലം മാറ്റം നടപടി മതിയാകില്ലെന്ന നിലപാടിലാണ് പ്രതിഷേധം കടുപ്പിക്കുന്നത്. കുറ്റക്കാരെ സസ്പെന്‍റ് ചെയ്യണമെന്ന ആവശ്യവുമായി മുസ്ലീം ലീഗും സമരത്തിന് ഇറങ്ങിയിരിക്കുകയാണിപ്പോള്‍. വരും ദിവസങ്ങളില്‍ സമരം കടുപ്പിക്കുമെന്നാണ് മുസ്ലീം ലീഗ് വ്യക്തമാക്കുന്നത്.

ഖത്തീബ് നഗര്‍ മുതല്‍ കളത്തൂര്‍ വരെ അഞ്ച് കിലോമീറ്റര്‍ ദൂരം ഫര്‍ഹാസിനേയും കാറിലുണ്ടായിരുന്ന മറ്റ് നാല് പേരേയും പിന്തുടര്‍ന്നത് എന്തിനെന്നാണ് മുസ്ലീം ലീഗ് ചോദിക്കുന്നത്. വിദ്യാര്‍ത്ഥികളാണെന്ന് അറിഞ്ഞിട്ടും പൊലീസ് പിന്തുടരുകയായിരുന്നുവെന്നാണ് ആരോപണം. യൂത്ത് ലീഗും എം എസ് എഫും നടത്തിയ സമരം മുസ്ലീം ലീഗ് ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. കുമ്പള പൊലീസ് സ്റ്റേഷന് സമീപം പ്രതിഷേധക്കാർ ധര്‍ണ്ണ സംഘടിപ്പിച്ചു. ഇത് സൂചന സമരം മാത്രമാണെന്നും വരും ദിവസങ്ങളില്‍ കടുപ്പിക്കുമെന്നുമാണ് മുന്നറിയിപ്പ്. ഇക്കാര്യം എ കെ എം അഷ്റഫ് എം എല്‍ എ വ്യക്തമാക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസും കെ എസ്‍യു വും കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

പൊലീസ് കുറ്റക്കാരോ? ഇത്തരം വാഹനങ്ങൾ പിന്തുടന്ന് തടയണ്ടേ? അതല്ലേ പതിവ്; കാസർകോട് അപകടം ന്യായീകരിച്ച് മുൻ ഡിജിപി

സ്ഥലം മാറ്റ നടപടി

സബ് ഇന്‍സ്പെക്ടര്‍ രജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപു, രഞ്ജിത്ത് എന്നിവരെ കാഞ്ഞങ്ങാട് ഹൈവേ പൊലീസിലേക്കാണ് സ്ഥലം മാറ്റിയത്. 17 വയസുകാരന്‍ ഫര്‍ഹാസ് മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. മാറ്റി നിര്‍ത്തിയുള്ള അന്വേഷണം വേണമെന്നതിനാലാണ് സ്ഥലം മാറ്റമെന്നാണ് വിശദീകരണം.

വീഴ്ചയുണ്ടെങ്കിൽ നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി

ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ പൊലീസിന്‍റെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി എടുക്കുമെന്നാണ് ജില്ലാ പൊലീസ് മേധാവി നൽകുന്ന ഉറപ്പ്. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന വ്യക്തമാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം മാത്രമായിരിക്കും പൊലീസുകാര്‍ക്കെതിരെ കൂടുതല്‍ നടപടി വേണോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക എന്നാണ് വിവരം.

ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കുടുംബം

അതിനിടെ സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഫര്‍ഹാസിന്‍റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് ബന്ധു റഫീഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഫര്‍ഹാസിനെ പിന്തുടർന്ന പൊലീസുകാർ മദ്യപിച്ചിരുന്നെന്നും ഫർഹാസും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും ഇക്കാര്യം പറഞ്ഞെന്നും കുറ്റക്കാരായ പൊലീസുകാരെ പിരിച്ച് വിടണമെന്നും ബന്ധു റഫീഖ് ആവശ്യപ്പെട്ടു. പൊലീസ് പിന്തുടർന്നതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് ആരോപിച്ച് ഫർഹാസിന്‍റെ കുടുംബം മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

അംഗടിമോഗർ ജി വി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിയായ ഫർഹാസും സുഹൃത്തുക്കളും സഞ്ചരിച്ച കാർ വെള്ളിയാഴ്ചയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ 17 വയസുകാരനായ ഫർഹാസ് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം