കാസര്‍കോട്: കാസർഗോഡിന് വർഷത്തിൽ ഒന്നല്ല, രണ്ടാണ് ഓണം. കേരളം ഓണമാഘോഷിക്കുന്ന ചിങ്ങമാസത്തിന് പുറമെ തുലാമാസത്തിലെ ദീപാവലി ദിവസവും തുളുനാടിന് ഓണമാണ്. നിലവിളക്ക് തെളിച്ചും പൂക്കളമൊരുക്കിയുമാണ് രണ്ട് തവണയും തുളുനാട് മഹാബലിയെ വരവേൽക്കുന്നത്.

ചിങ്ങത്തിലെ ഓണസങ്കൽപ്പത്തിൽ നിന്ന് വിഭിന്നമാണ് തുലാമാസത്തിലെ ഓണ കാഴ്ച .പൊലിമ കുറവെങ്കിലും ആചാരാനുഷ്ടാനങ്ങളാൽ സമ്പന്നമാണത്. തുളുനാടിന്‍റെ രാജാവായിരുന്ന മഹാബലിയെ അസൂയ പൂണ്ട വിജയനഗര സാമ്രാജ്യം സ്ഥാനഭ്രഷ്ടനാക്കിയെന്നാണ് ഐതീഹ്യം. കുടവയറും കുടയുമായെത്തുന്ന മാവേലിയായല്ല, ബലി ദൈവത്തിന്‍റെ പരിവേഷമാണിവിടെ മഹാബലിക്ക്. പൊലിയന്ദ്ര എന്നാണ് ഈ ആഘോഷത്തിനെ തുളുനാട് വിളിക്കുന്നത്.

ചിങ്ങത്തിന്‍റെ വരവ് ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുള്ള പ്രയാണമായാണ് ഉത്തരമലബാർ ആഘോഷിക്കുന്നത്. ഓണം കേരളത്തിലെ ഔദ്യോഗിക ആഘോഷമായി മാറിയതോടെ തുലാമാസത്തിലെ ഓണം പകിട്ടില്ലാതായി. എങ്കിലും തുളുനാടൻ ഗ്രാമങ്ങളിൽ ഇന്നും രണ്ടാണ് ഓണം.